Saturday, May 4, 2024
spot_img

വൈറസിൽ നിന്ന് വാക്‌സിനിലേക്ക്; കൂടുതൽ വാക്‌സിൻ നൽകുന്നത് രോഗബാധ രൂക്ഷമായ സംസ്ഥാനങ്ങൾക്ക്; വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട് പ്രധാന മന്ത്രിയും മുഖ്യമന്ത്രിമാരുമായുള്ള യോഗം ഇന്ന്

ദില്ലി: കൊവിഡ് വാക്‌സിനേഷന് മുന്നോടിയായി പ്രധാനമന്ത്രി വിളിച്ചു ചേർത്ത മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്. വൈകിട്ട് 4 മണിക്ക് വിഡിയോ കോൺഫറൻസ് വഴിയാണ് യോഗം നടക്കുന്നത്. യോഗത്തിൽ പ്രധാനമന്ത്രി വാക്‌സിനേഷൻ സംബന്ധിച്ച കേന്ദ്ര നിർദേശങ്ങൾ വിശദീകരിക്കും.

വാക്‌സിൻ ഉപയോഗം തുടങ്ങാനിരിക്കെ സംസ്ഥാനങ്ങളുടെ ആശങ്കകളും അവ്യക്തതകളും പരിഹരിക്കാനാണ് യോഗം ചേരുന്നത്. അതേസമയം സംസ്ഥാനങ്ങളിലെ ഒരുക്കങ്ങൾ മുഖ്യമന്ത്രിമാർ യോഗത്തിൽ വിശദീകരിക്കും. വാക്‌സിനേഷൻ സംബന്ധിച്ച കൂടുതൽ നിർദേശങ്ങൾ സംസ്ഥാനങ്ങൾക്ക് പ്രധാനമന്ത്രി നൽകും.

അതേസമയം, വാക്‌സിനേഷന് മുന്നോടിയായി ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബെ ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ആരോഗ്യപ്രവർത്തകർ ഏറെ ഉള്ളതും രോഗബാധ രൂക്ഷവുമായ കേരളത്തിനും മഹാരാഷ്ട്രയ്ക്കും കൂടുതൽ വാക്‌സിൻ ലഭിക്കുമെന്നാണ് സൂചന. മൂന്ന് ദിവസത്തിനുള്ളിൽ പ്രധാന ഹബുകളിലേക്കുള്ള വാക്സിനുകളുടെ വിതരണം പൂർത്തിയാക്കും. പുനൈയിൽ നിന്നും ദില്ലി, കർണാൽ, കൊൽക്കത്ത, ഹൈദരാബാദ്, ചെന്നൈ, എന്നീ പ്രധാന ഹബുകളിലേക്കാണ് ആദ്യം മരുന്ന് എത്തിക്കുക. ഒരു കോടി ആരോഗ്യപ്രവർത്തകർക്കും 2 കോടി കൊവിഡ് മുന്നണിപോരാളികൾക്കുമാണ് പ്രഥമ പരിഗണന നൽകുക.

Related Articles

Latest Articles