Sunday, June 16, 2024
spot_img

സിൽവർ ലൈൻ വേണ്ട, ലോകായുക്ത ഭേദഗതി സമൂഹം അംഗീകരിക്കില്ല, പിണറായി സർക്കാരിന്റെ സുപ്രധാന നയങ്ങളിൽ വിയോജിപ്പ് രേഖപ്പെടുത്തി സിപി ഐ നേതാവ് മുല്ലക്കര രത്‌നാകരൻ

ലോകായുക്ത ഭേദഗതിയെ സമൂഹം അംഗീകരിക്കില്ലെന്ന് സിപിഐ നേതാവ് മുല്ലക്കര രത്‌നാകരൻ. സമൂഹത്തിന്റെ ഒരു പൊതുവികാരം ആ ഓർഡിനൻസിന് എതിരാണ്. അഴിമതി വിരുദ്ധ നിലപാടിലും മൂല്യബോധത്തിലും യുഡിഎഫിനേക്കാളും മുന്നിലാണ് എൽഡിഎഫ് എന്നതാണ് ജനങ്ങളുടെ പൊതുബോധം. അതു നിലനിർത്താനുള്ള സ്വാഭാവിക ബാധ്യത ഇടതുമുന്നണിക്കുണ്ട്. അഴിമതിക്കെതിരെയുള്ള പോരാട്ടത്തിൽ വളർന്നുവന്ന, പൊതു പ്രവർത്തനത്തിൽ ലാളിത്യം സ്വീകരിക്കുന്ന ഒരു വിഭാഗമാണ് എൽഡിഎഫ് എന്നു ജനങ്ങൾ‍ വിശ്വസിക്കുന്നു. ചില നന്മകൾ കൈമോശം വരാതെ സൂക്ഷിക്കുന്നവരാണെന്നും കരുതുന്നു എന്നും അദ്ദേഹം പറഞ്ഞു. സിൽവർ ലൈൻ പ്രകൃതിയെ വെല്ലുവിളിക്കുന്ന പദ്ധതിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വികസനപദ്ധതികൾ തീർച്ചയായും വേണം. എന്നാൽ അത് ഉണ്ടാക്കുന്ന ദോഷങ്ങളും വെല്ലുവിളികളും കൂടി ഒപ്പം മനസ്സിലാക്കണം. കേരളത്തെ ദൈവത്തിന്റെ സ്വന്തം നാട് എന്നു വിശേഷിപ്പിക്കുന്നത് ഇവിടുത്തെ പ്രകൃതിയുടെ പ്രത്യേകത കൊണ്ടാണ്. ഏതു വികസനം വരുമ്പോഴും ആദ്യ അജൻഡ പ്രകൃതി ആയിരിക്കണം. പ്രകൃതിയിലെ മുഖ്യഘടകവും അനുഗ്രഹവും ജലമാണ്. ആ വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്കും കിടപ്പും നടപ്പും സ്വാതന്ത്ര്യവും എല്ലാം ഏതു വികസന പദ്ധതി വരുമ്പോഴും കണക്കിലെടുക്കണം. അദ്ദേഹം അഭിപ്രായപ്പെട്ടു.

പാർട്ടിക്ക് അകത്തും പുറത്തും ആർജവത്തോടെ സ്വന്തം നിലപാടുകൾ പ്രകടിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ ശീലം. 2006ലെ വിഎസ് സർക്കാരിൽ കൃഷി മന്ത്രി എന്ന നിലയിൽ മികവു തെളിയിച്ച മുല്ലക്കര പിന്നീട് രണ്ടുതവണ കൂടി നിയമസഭാംഗം ആയെങ്കിലു മന്ത്രിയായില്ല. ഇപ്പോൾ സംസ്ഥാന നിർവാഹകസമിതി അംഗം എന്നതിനൊപ്പം കൊല്ലം ജില്ലാ സെക്രട്ടറിയുടെ കൂടി ചുമതല വഹിക്കുന്നു. കൊല്ലത്തെ പാർട്ടിയിൽ സംഘടനാ തർക്കങ്ങൾ ഉരുണ്ടു കൂടിയപ്പോൾ പ്രശ്ന പരിഹാരകനായി സംസ്ഥാന നേതൃത്വം ഈ മുതിർന്ന നേതാവിനെ നിയോഗിക്കുകയായിരുന്നു. മുന്നണിയിലെ രണ്ടാം കക്ഷിയായ സിപിഐ യുടെ പ്രമുഖ നേതാവ് തന്നെ സിൽവർ ലൈനിനും ലോകായുക്ത നിയമ ഭേദഗതിക്കും എതിരെ പരസ്യമായി രംഗത്ത് വന്നത് സർക്കാരിനെ പ്രതിരോധത്തിലാക്കിയേക്കും.

Related Articles

Latest Articles