Friday, April 26, 2024
spot_img

ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവി; സി.പി.ഐ അടക്കം നാലുപാർട്ടികൾ ദേശീയപാർട്ടി പദവി നഷ്ടമായേക്കും

2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെട്ട നാലുപാർട്ടികൾ ദേശീയപാർട്ടി പദവി നഷ്ടപ്പെടുമെന്ന ആശങ്കയിൽ. ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പുകമ്മിഷന്റെ പരിശോധന നിർണായകമാവും. സി.പി.ഐ., ബി.എസ്.പി., എൻ.സി.പി., തൃണമൂൽ കോൺഗ്രസ് എന്നീ പാർട്ടികളാണ് വെല്ലുവിളി നേരിടുന്നത്. അതേസമയം, നിലവിലെ വ്യവസ്ഥകളിൽ സി.പി.എമ്മിന് ദേശീയ പാർട്ടി പദവി നഷ്ടമാവില്ല.

നേരത്തേ ഓരോ തിരഞ്ഞെടുപ്പിലെയും പ്രകടനം വിലയിരുത്തിയായിരുന്നു ദേശീയപാർട്ടി പദവിയുടെ പുനർനിർണയം. എന്നാൽ, 2016-ൽ രണ്ടു തിരഞ്ഞെടുപ്പുകളുടെ കാലാവധി എന്ന്‌ നിശ്ചയിച്ചിരുന്നു. ഒന്നുകിൽ ഒരു പൊതുതിരഞ്ഞെടുപ്പോ ഒരു നിയമസഭാ തിരഞ്ഞെടുപ്പോ അല്ലെങ്കിൽ രണ്ടു പൊതുതിരഞ്ഞെടുപ്പുകൾ, അതുമല്ലെങ്കിൽ രണ്ടു നിയമസഭാതിരഞ്ഞെടുപ്പുകൾ എന്നിവയിലെ പ്രകടനം വിലയിരുത്തുമെന്നായിരുന്നു തീരുമാനം. 2014-ലെ തിരഞ്ഞെടുപ്പിൽ ഏതെങ്കിലും പ്രാദേശികപാർട്ടിക്കോ ദേശീയപാർട്ടിക്കോ ദേശീയപദവി നൽകിയിട്ടുണ്ടെങ്കിൽ ഇത്തവണ അവർ പരിശോധനയ്ക്ക്‌ ഹാജരാവേണ്ടതില്ലെന്ന് കമ്മിഷൻ വൃത്തങ്ങൾ വ്യക്തമാക്കി.

സി.പി.ഐ., എൻ.സി.പി., ബി.എസ്.പി., ടി.എം.സി. എന്നീ പാർട്ടികൾ ഒരു തിരഞ്ഞെടുപ്പുകൂടി കഴിഞ്ഞാൽ കമ്മിഷനുമുമ്പാകെ ഹാജരായി പുനഃപരിശോധനയ്ക്ക്‌ വിധേയമാവേണ്ടിവരും. ഈവർഷം നടക്കുന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് എൻ.സി.പി.യുടെ ഭാവി നിശ്ചയിക്കും. ബി.എസ്.പി.ക്ക് 2022-ലെ യു.പി. നിയമസഭാ തിരഞ്ഞെടുപ്പുഫലവും സി.പി.ഐ.യ്ക്കും തൃണമൂലിനും 2021-ലെ ബംഗാൾ തിരഞ്ഞെടുപ്പുഫലവും നിർണായകമാവും. അതേസമയം, 2016-ലെ വ്യവസ്ഥ മാറ്റാനാണ് തിരഞ്ഞെടുപ്പുകമ്മിഷൻ നിശ്ചയിക്കുന്നതെങ്കിൽ നാലുപാർട്ടികളുടെയും ദേശീയപദവി നഷ്ടമാകും.

Related Articles

Latest Articles