Tuesday, May 7, 2024
spot_img

കൂടുതല്‍ കരുത്തോടെ വീണ്ടും നരേന്ദ്രമോദി രാജ്യത്തലപ്പത്തേക്ക്; മോദിയുടെ രണ്ടാം മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും

ദില്ലി; നരേന്ദ്രമോദിയുടെ രണ്ടാം മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാഷ്ട്രപതിഭവൻ അങ്കണത്തിലെ തുറന്നവേദിയിൽ വൈകീട്ട് ഏഴിനാണ്‌ ചടങ്ങ്. പ്രധാനമന്ത്രിക്കും മറ്റുമന്ത്രിമാർക്കും രാഷ്ട്രപതി രാം നാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുക്കും. ഇന്ത്യയുടെ ഇരുപത്തിരണ്ടാമത് മന്ത്രിസഭയാണ് അധികാരമേൽക്കുന്നത്.

ബിംസ്റ്റെക് രാഷ്ട്രത്തലവന്മാരടക്കമുള്ള വിദേശപ്രതിനിധികൾ ഇന്ന് നടക്കുന്ന ചടങ്ങിനെത്തും. യു.പി.എ. അധ്യക്ഷ സോണിയാഗാന്ധിയും തിരഞ്ഞെടുപ്പു പരാജയത്തെത്തുടർന്ന് പൊതുപരിപാടികളിൽനിന്ന്‌ വിട്ടുനിൽക്കുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയും ചടങ്ങിൽ പങ്കെടുക്കും. ഒട്ടേറെ മുഖ്യമന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കും. എന്നാൽ, നേരത്തേ ചടങ്ങിൽ പങ്കെടുക്കുമെന്ന്‌ പ്രഖ്യാപിച്ച പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി വിട്ടുനിൽക്കുമെന്നാണ് വിവരം.

മന്ത്രിമാരുടെ പേരുകൾ വ്യാഴാഴ്ച രാവിലെ പ്രഖ്യാപിക്കുമെന്നാണ്‌ സൂചന. കഴിഞ്ഞ മന്ത്രിസഭയിലെ മുതിർന്ന മന്ത്രിമാർക്കൊപ്പം പുതുമുഖങ്ങളും യുവാക്കളും ഇടംപിടിക്കും. അതേസമയം ബി.ജെ.പി. അധ്യക്ഷൻ അമിത് ഷാ മന്ത്രിസഭയിൽ ഉണ്ടാകില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ആഭ്യന്തരവകുപ്പോടെ ഷാ മന്ത്രിസഭയിലെ രണ്ടാമനാകുമെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ, പാർട്ടിയധ്യക്ഷപദവിയിൽ തുടരാനുള്ള താത്പര്യം അദ്ദേഹം പ്രധാനമന്ത്രിയെ അറിയിച്ചതായാണ് സൂചന. മന്ത്രിമാരെ സംബന്ധിച്ച്‌ രണ്ടുദിവസമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും തമ്മിൽ മാരത്തൺ ചർച്ച നടത്തിവരുകയാണ്. ആർ.എസ്.എസുമായും ചർച്ച നടത്തി.

Related Articles

Latest Articles