Tuesday, May 7, 2024
spot_img

ക്രിക്കറ്റ് പ്രേമികളുടെ കണ്ണുകള്‍ ഇനി സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ വലംവച്ചുകൊണ്ടിരിക്കും; ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം

അമ്പതോവർ ക്രിക്കറ്റിന്റെ ആവേശത്തിലേക്ക് കൈപിടിച്ച് 12-ാമത് ഐ.സി.സി ഏകദിന ലോകകപ്പിന് ഇംഗ്ലണ്ട് കെന്നിംഗ്ടൺ ഓവലിൽ ഇന്ന് കൊടിയേറ്റം. പത്ത് ടീമുകളാണ് ഇക്കുറി മാറ്റുരയ്ക്കുന്നത്. ജൂലൈ 14ന് ലോര്‍ഡ്സിലാണ് ചാംപ്യന്മ‍ാരുടെ പട്ടാഭിഷേകം. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളുടെ കണ്ണുകള്‍ ഇനി ഇംഗ്ലണ്ടിനെ വലംവച്ചുകൊണ്ടേയിരിക്കും.

ക്രീസിലെ പുല്‍നാമ്പുകള്‍ പോരാട്ടച്ചൂടേറ്റ് രോമാഞ്ചത്തോടെ നില്‍ക്കും. ഗാലറിയില്‍ ആര്‍പ്പുവിളികളുമായി ആരാധകപ്പട പ്രകമ്പനം തീര്‍ക്കും. ഇന്നില്ലങ്കില്‍ ഇനിയില്ലെന്ന തിരിച്ചറിവോടെ പടപൊരുതാനിറങ്ങുന്ന ഇംഗ്ലണ്ട് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ടീമുമായി ഒയിന്‍ മോര്‍ഗന്റെ കീഴില്‍ പടയ്ക്കിറങ്ങും. കപിലിന്റേയും ചെകുത്താന്മാരുടേയും നേട്ടം ആവര്‍ത്തിക്കാന്‍ കോഹ്‌ലിപ്പട. ആറാംതമ്പുരാനായി ആധിപത്യം ഉറപ്പിക്കാന്‍ ഓസ്ട്രേലിയയും

നാളേറെയായ് പിന്തുടരുന്ന മാന്‍ഡ്രേക്കിനെ ക്രിക്കറ്റിന്റെ തവവാട്ടില്‍ വച്ച് തന്നെ തുരത്തിക്കളയാനാണ് ലോകത്തെ വിറപ്പിക്കുന്ന പേസര്‍മാരുമായി ദക്ഷിണാഫ്രിക്കയുടെ വരവ്. കഴിഞ്ഞ ലോകകപ്പിലെ തോല്‍വിക്ക് കടംവീട്ടാന്‍ വില്യംസന്റെ കിവിസും പ്രവചനങ്ങളെ അസ്ഥാനത്താക്കാന്‍ പാക്കിസ്ഥാനും. ആവേശം അതിര്‍ത്തികടത്താന്‍ വിന്‍ഡീസും.

വമ്പന്‍മാരുടെ ഉറക്കം കളയും അഫ്ഗാനും ബംഗ്ലാദേശും. ആദ്യറൗണ്ടില്‍ ഓരോ ടീമിനും ഒന്‍പത് കളികള്‍. ആദ്യ നാല് സ്ഥാനക്കാര്‍ സെമിയിലേക്ക്. ഓവലിലെ ഒന്നാമങ്കത്തില്‍ നിന്ന് ലോര്‍ഡ്സിലെ ഫൈനലിലേക്കുള്ള ദൂരം നാല്‍പത്തിെയട്ട് മല്‍സരങ്ങള്‍. ജൂൺ അഞ്ചിന് ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് ഇന്ത്യൻ യാത്രയ്ക്ക് തുടക്കമാവുക. ക്രിക്കറ്റ് പ്രേമികൾ ഉറ്റുനോക്കുന്ന ഇന്ത്യ പാകിസ്ഥാൻ പോരാട്ടം ജൂൺ പതിനാറിനാണ്.

Related Articles

Latest Articles