Friday, April 26, 2024
spot_img

കള്ളപ്പണം വെളുപ്പിച്ചതായി ആരോപണം; സിപിഐഎം ടെലിവിഷൻ ചാനൽ വിറ്റു; അന്വേഷണത്തിന് പിബി തീരുമാനം

ദില്ലി: ആന്ധ്രയിൽ സിപിഐഎം ഉടമസ്ഥതയിലുള്ള ടെലിവിഷൻ ചാനൽ വിറ്റു. സിപിഐഎം സംസ്ഥാന കമ്മിറ്റിയുടെ ഉടമസ്ഥതയിലുള്ള പ്രജാ ശക്തി പ്രിന്റേഴ്സ് ആൻഡ് പബ്ലിഷേഴ്സിന്റെ 10 ടിവി എന്ന തെലുങ്ക് ചാനലാണ് വിറ്റത്. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവുവിന്റെ കുടുംബത്തിനാണ് സിപിഐഎം പാർട്ടി ചാനൽ വിറ്റത്. നോട്ട് നിരോധനത്തിനു പിന്നാലെ 127 കോടി രൂപയുടെ നിയമ വിരുദ്ധ ഇടപാട് നടത്തി എന്ന ആരോപണത്തെ തുടർന്ന് സിപിഐഎം ആന്ധ്ര സംസ്ഥാന കമ്മിറ്റിയുടെ ഉടമസ്ഥതയിലുള്ള പ്രജാശക്തി പ്രിന്റേഴ്സ് ആൻഡ് പബ്ലിഷേഴ്സിനെതിരെ കേന്ദ്ര സർക്കാർ അന്വേഷണം തുടങ്ങിയതിന് പിന്നാലെയാണ് ടിവി ചാനൽ വിറ്റത്.

പ്രജാ ശക്തി കമ്പനിക്കെതിരെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് അന്വേഷണം നടത്തുന്നുണ്ടെന്ന് കേന്ദ്ര നിയമ- കോർപ്പറേറ്റ് കാര്യ സഹമന്ത്രി പി പി ചൗധരി കഴിഞ്ഞ ദിവസം ലോക്സഭയെ അറിയിച്ചിരുന്നു. പ്രജാ ശക്തിയുടെ അക്കൗണ്ടിലുള്ള 127.71 കോടി രൂപ നിയമവിരുദ്ധമാർഗങ്ങളിലൂടെ ലഭിച്ചതാണന്ന ആരോപണമാണ് അന്വേഷണത്തിന് വഴിവച്ചത്.

2016ലെ നോട്ട് നിരോധനത്തിന് പിന്നാലെയാണ് കമ്പനിയുടെ അക്കൗണ്ടിലേക്ക് പണം വന്നതെന്ന് പാർട്ടിക്ക് അകത്തും പരാതി ഉയർന്നു. പൊളിറ്റ് ബ്യൂറോ അംഗം ബി വി രാഘവുലു ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ പാർട്ടി ചാനലിന്റെ വിൽപ്പനയുമായി ബന്ധപ്പെട്ട് സിപിഐഎം കേന്ദ്ര നേതൃത്വത്തിന് പരാതി ലഭിച്ചരുന്നു. ഈ പരാതിയും കേന്ദ്ര സർക്കാരിന്റെ നടപടിയും കണക്കിലെടുത്താണ് അന്വേഷണം നടത്താൻ സിപിഐഎം തീരുമാനിച്ചത്. പാർട്ടി അതിന്റേതായ നടപടിക്രമങ്ങളിലൂടെയാണ് അന്വേഷണം നടത്തുന്നതെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു.

Related Articles

Latest Articles