ദേവികുളം സബ് കളക്ടര്‍ രേണുരാജിനെതിരെ നടത്തിയ പ രാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് എസ് രാജേന്ദ്രന്‍ എംഎല്‍എ. ഒരു സ്വകാര്യ ചാനൽ ചര്‍ച്ചയിലാണ് എംഎല്‍എ ഇക്കാര്യം പറഞ്ഞത്. “സബ് കളക്ടര്‍ തന്റെ ഫോണ്‍ കട്ട് ചെയ്തു. അതിന് അവര്‍ക്ക് അധികാരമില്ല. ഇത് എല്ലാം ചൂണ്ടിക്കാട്ടി സ്പീക്കര്‍ക്ക് രേണു രാജിനെതിരെ പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു”.

“റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെ പഞ്ചായത്ത് പണിയുന്ന കെട്ടിടത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കിയ സംഭവത്തിലാണ് സ്ബ് കളക്ടറെ എസ് രാജേന്ദ്രന്‍ എംഎല്‍എ അധിക്ഷേപിച്ച്‌ സംസാരിച്ചത്. ചുമ്മാ ബുദ്ധിയും ബോധവുമില്ലാത്തതിനെയെല്ലാം ഇങ്ങോട്ട് വിടുമെന്നും ഒരു ഐഎഎസ് കിട്ടിയെന്ന് പറഞ്ഞ്, അവള് ഇതെല്ലാം വായിച്ച്‌ പഠിക്കണ്ടേ എന്ന് എസ് രാജേന്ദ്രന്‍ എംഎല്‍എ കെട്ടിടം പണി തടയാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരോട് ചോദിച്ചിരുന്നു.

“പദ്ധതി പൂര്‍ത്തിയാക്കുന്ന സമയത്തല്ല എതിര്‍പ്പുമായി രംഗത്ത് വരേണ്ടത്. സബ് കളക്ടര്‍ ഇരിക്കുന്ന കെട്ടിടത്തിനടുത്ത് പണിത പുതിയ കെട്ടിടത്തിന് എല്ലാ അനുമതിയുമുണ്ടോ? എന്ന് അദ്ദേഹം ചോദിച്ചു. സര്‍ക്കാരിന് വിഷയത്തില്‍ കൃത്യമായ നിലപാടുണ്ട്. ‘ഞാന്‍ നേരിട്ട് പോയി സബ് കളക്ടറെ കണ്ടപ്പോള്‍ തന്റെ കാര്യം താന്‍ നോക്ക്, എന്റെ കാര്യം ഞാന്‍ നോക്കാം” എന്ന് ഡോ രേണു രാജ് പറഞ്ഞതായി എംഎല്‍എ ആരോപിച്ചു.

2010ലെ ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള ജില്ലാ കളക്ടറുടെ എന്‍.ഒ .സി ഇല്ലാതെയാണ് നിര്‍മ്മാണം നടക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പഞ്ചായത്ത് വനിതാ വ്യവസായകേന്ദ്രത്തിന്റെ പണി നിര്‍ത്തിവയ്ക്കാന്‍ സബ് കളക്ടര്‍ ഉത്തരവിട്ടതാണ് തര്‍ക്കങ്ങള്‍ക്ക് കാരണം. പഴയ മൂന്നാറില്‍ മുതിരപ്പുഴയാറിനോട് ചേര്‍ന്നാണ് നിര്‍മ്മാണം നടക്കുന്നത്.