തിരുവനന്തപുരം; ശബരിമല വിഷയത്തില്‍ പാര്‍ട്ടിയുടേയും സര്‍ക്കാരിന്റേയും തീരുമാനത്തിന് വിരുദ്ധമായി നിലപാടെടുത്തതിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിനെതിരേ നടപടി എടുക്കുമെന്ന് സൂചന . സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്, ജില്ലാ കമ്മിറ്റിയംഗം എന്നീ പദവികളില്‍ നിന്ന് ഒഴിവാക്കാനാണ് സാധ്യത. ലോകസഭ തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും നടപടിയുണ്ടാവുക. സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ചചെയ്ത് നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ജില്ലാ ഘടകത്തെ അറിയിച്ചു.

പാര്‍ട്ടിയേയും സര്‍ക്കാരിനേയും പ്രതിസന്ധിയിലാക്കിയ പത്മകുമാറിനെതിരെ നടപടി വേണമെന്ന് ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടിരുന്നതായാണ് വിവരം. പത്മകുമാറിനെ പാര്‍ട്ടി പരിപാടികളില്‍ നിന്ന് ഒഴിവാക്കി നിറുത്തിയിരിക്കുകയാണ്. ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഒരു ചുമതലയും നല്‍കിയിട്ടില്ല. വിവാദത്തിന് ശേഷം ജില്ലാ സെക്രട്ടേറിയറ്റ് യോഗങ്ങളില്‍ അദ്ദേഹം പങ്കെടുക്കാറില്ല. ശബരിമല വിഷയത്തിനിടെ ചേര്‍ന്ന ഒരു സെക്രട്ടേറിയറ്റ് യോഗത്തില്‍ പത്മകുമാര്‍ ‘ഒറ്റുകാരനാണെന്ന’ വിമര്‍ശനവുമുണ്ടായതായാണ് വിവരം.

മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പങ്കെടുത്ത പത്തനംതിട്ടയിലെ പരിപാടികളില്‍ നിന്നും പത്മകുമാര്‍ മാറി നിന്നു. ശബരിമല കര്‍മ്മസമിതിയും ബിജെപിയും പത്മകുമാറിന്റെ ആറന്‍മുളയിലെ വീട് ഉപരോധിച്ചപ്പോള്‍, അദ്ദേഹത്തെ സംരക്ഷിക്കുന്നതിന് പാര്‍ട്ടി ഒരു പ്രസ്താവനപോലും ഇറക്കിയിരുന്നില്ലെന്നും ആരോപണം ഉണ്ട്. ശബരിമല വിഷയം യുഡിഎഫും ബിജെപിയും പ്രചാരണായുധമാക്കുകയാണ്. ഈ സമയത്ത് നടപടിയുണ്ടായാല്‍ എതിരാളികള്‍ക്ക് ആയുധമാകുമെന്ന വിലയിരുത്തലിലാണ് നടപടി തിരഞ്ഞെടുപ്പിന് ശേഷമാക്കുന്നത്.