Sunday, September 20, 2026

ഇഡി ഉദ്യോഗസ്ഥർക്കെതിരായ സിപിഎം അതിക്രമം!അഞ്ച് പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു

കൊച്ചി : മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിക്ക് മുന്നിൽ വെച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥർക്ക് നേരെ അക്രമം നടത്തിയ കേസിൽ അഞ്ച് പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു. കേസിലെ ആറ് മുതൽ പത്ത് വരെയുള്ള പ്രതികളെയാണ് നാളെ വൈകിട്ട് അഞ്ച് മണി വരെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടത്.

കഴിഞ്ഞ മേയ് 27-നാണ് തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ പിണറായി വിജയന്റെ വസതിയിൽ ഇ.ഡി സംഘം മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് എട്ട് മണിക്കൂറോളം നീണ്ട മിന്നൽ പരിശോധന നടത്തിയത്. പിണറായിയുടെ മകൾ വീണാ വിജയന്റെ ഐടി കമ്പനിയായ എക്സാലോജിക്കും സി.എം.ആർ.എല്ലും തമ്മിൽ നടത്തിയ മാസപ്പടി ഇടപാടുകളിലെ കള്ളപ്പണം വെളുപ്പിക്കൽ ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായായിരുന്നു ഈ നടപടി. മാസപ്പടി കേസിലെ ഇ.ഡി അന്വേഷണത്തിനുള്ള നിയമപരമായ തടസ്സങ്ങൾ ഹൈക്കോടതി നീക്കിയതിന് തൊട്ടുപിന്നാലെയായിരുന്നു കേന്ദ്ര ഏജൻസിയുടെ ഈ നിർണ്ണായക നീക്കം.

എന്നാൽ പരിശോധന കഴിഞ്ഞ് ഉദ്യോഗസ്ഥർ പുറത്തേക്ക് മടങ്ങിയ വാഹനങ്ങൾ വളഞ്ഞ സി.പി.എം, ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവർത്തകർ ഉദ്യോഗസ്ഥർക്ക് നേരെ അക്രമം അഴിച്ചുവിടുകയായിരുന്നു. കല്ലുകൾ, ഇഷ്ടികകൾ, മരക്കഷ്ണങ്ങൾ എന്നിവ ഉപയോഗിച്ച് ഇ.ഡി സംഘം സഞ്ചരിച്ച കാറുകൾ ഇവർ തല്ലിത്തകർത്തു. ക്രമസമാധാന നില തകിടം മറിച്ച ഈ അക്രമസംഭവത്തിൽ വിശദമായ അന്വേഷണത്തിനും തെളിവെടുപ്പിനുമായാണ് പ്രതികളെ ഇപ്പോൾ പോലീസ് കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നത്. സംഭവത്തിന് പിന്നിൽ കൃത്യമായ രാഷ്ട്രീയ ഗൂഢാലോചനയുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്.

Related Articles

Latest Articles