Monday, September 21, 2026

വ്യാജ ഒപ്പ് കേസ്! മമതയുടെയും അഭിഷേക് ബാനർജിയുടെയും വസതികളിൽ ഒരേസമയം സിഐഡി റെയ്ഡ്

കൊൽക്കത്ത: പശ്ചിമ ബംഗാൾ രാഷ്ട്രീയത്തെ ഉലച്ച വ്യാജ ഒപ്പ് കേസിൽ മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ കൊൽക്കത്തയിലെ വസതിയിൽ സംസ്ഥാന ക്രിമിനൽ അന്വേഷണ വകുപ്പ് (സി.ഐ.ഡി) റെയ്ഡ് നടത്തി. തൃണമൂൽ കോൺഗ്രസിൽ അട്ടിമറിക്കും പിളർപ്പിനും കാരണമായ എംഎൽഎമാരുടെ ഒപ്പ് വ്യാജമായി ചമച്ചെന്ന കേസിലാണ് കോടതിയുടെ സെർച്ച് വാറന്റുമായി അന്വേഷണസംഘം പരിശോധനയ്ക്കെത്തിയത്.

കാളിഘട്ട് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും വൻ വനിതാ പോലീസ് സന്നാഹവും അടങ്ങുന്ന സി.ഐ.ഡി സംഘമാണ് കൊൽക്കത്ത ഹരീഷ് ചാറ്റർജി സ്ട്രീറ്റിലെ 30B നമ്പറിലുള്ള മമതയുടെ വസതിയും പാർട്ടിയുടെ കേന്ദ്ര ഓഫീസും ഉൾപ്പെടുന്ന സമുച്ചയത്തിൽ എത്തിയത്. റെയ്ഡ് നടക്കുന്ന സമയത്ത് മമത ബാനർജി ദില്ലിയിലായിരുന്നു. സമാനമായ രീതിയിൽ മറ്റ് രണ്ട് സിഐഡി സംഘങ്ങൾ മമതയുടെ അനന്തരവനും പാർട്ടി നാഷണൽ ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജിയുടെ വസതിയിലും ഓഫീസിലും ഒരേസമയം പരിശോധന നടത്തി.

തൃണമൂൽ കോൺഗ്രസ് നാഷണൽ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി സിഐഡി നോട്ടീസിന് നൽകിയ മറുപടിയുടെ അടിസ്ഥാനത്തിലാണ് ഈ നീക്കമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പാർട്ടി നിയമസഭാ കക്ഷിയോഗത്തിൽ എംഎൽഎമാരുടെ ഒപ്പുകൾ ശേഖരിച്ചത് ഹരീഷ് ചാറ്റർജി സ്ട്രീറ്റിലെ കേന്ദ്ര ഓഫീസിൽ വെച്ചാണെന്ന് അഭിഷേക് മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തെളിവ് ശേഖരണത്തിനായി സി.ഐ.ഡി ഈ വിലാസത്തിൽ സെർച്ച് വാറന്റുമായി എത്തിയത്.

നിയമസഭയിലെ പ്രതിപക്ഷ നേതാവായി സോവൻദേബ് ചതോപാധ്യായയെ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് നൽകിയ പ്രമേയത്തിലെ ഒപ്പുകളാണ് വിവാദത്തിലായത്. ഈ നിർദ്ദേശത്തിൽ സമർപ്പിച്ച 70 എം.എൽ.എമാരുടെ ഒപ്പുകളിൽ പലതും വ്യാജമാണെന്ന് ആരോപിച്ച് പാർട്ടിയിലെ വിമത എംഎൽഎമാരായ രിതബ്രത ബാനർജിയും സന്ദീപൻ സാഹയും രംഗത്തെത്തുകയായിരുന്നു. ഒപ്പുകളിൽ 14 എണ്ണം ബ്ലോക്ക് ലെറ്ററുകളിൽ എഴുതിയതാണെന്നും രേഖകൾ കൃത്രിമമായി നിർമ്മിച്ചതാണെന്നും ചൂണ്ടിക്കാട്ടി ഇവർ സ്പീക്കർക്ക് പരാതി നൽകി.

പരാതിക്ക് പിന്നാലെ ഇരുവരെയും പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് തൃണമൂൽ കോൺഗ്രസ് പുറത്താക്കിയിരുന്നു. എന്നാൽ തൊട്ടുപിന്നാലെ തൃണമൂലിലെ 80 എം.എൽ.എമാരിൽ 58 പേരും നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ച് വിമത ക്യാമ്പിലേക്ക് മാറുകയും രിതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കുകയും ചെയ്തു. സ്പീക്കർ ഈ വിഭാഗത്തിന് അംഗീകാരം നൽകിയതോടെ 1998-ൽ രൂപീകൃതമായതിന് ശേഷമുള്ള ഏറ്റവും വലിയ ആഭ്യന്തര പ്രതിസന്ധിയും പിളർപ്പുമാണ് തൃണമൂൽ കോൺഗ്രസ് നേരിടുന്നത്. കേസുമായി ബന്ധപ്പെട്ട് അഭിഷേക് ബാനർജിക്ക് സി.ഐ.ഡി വീണ്ടും സമൻസ് അയച്ചിട്ടുണ്ട്.

Related Articles

Latest Articles