Monday, April 29, 2024
spot_img

സിപിഎം നേതാവിന്റെ കൊലപാതകം;ആയുധം വാങ്ങിയത് ഗള്‍ഫില്‍ നിന്ന് , പ്രതി അഭിലാഷിന്റെ മൊഴിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കോഴിക്കോട്: കൊയിലാണ്ടിയില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പിവി സത്യനാഥനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അഭിലാഷിന്റെ മൊഴിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പിവി സത്യനാഥന്‍ തന്നെ മനപൂര്‍വം അവഗണിച്ചുവെന്നും പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയെന്നുമാണ് അഭിലാഷിന്റെ മൊഴി. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയതിന് പുറമെ മറ്റു പാര്‍ട്ടിക്കാരില്‍ നിന്ന് മര്‍ദനമേറ്റ സംഭവത്തില്‍ സംരക്ഷിച്ചില്ല. സംരക്ഷിച്ചില്ലെന്ന് മാത്രമല്ല കുറ്റപ്പെടുത്തുകയും ചെയ്തു. ഇത് വൈരാഗ്യത്തിന് കാരണമായെന്നും അഭിലാഷിന്റെ മൊഴിയിലുണ്ട്. റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് അഭിലാഷിന്റെ മൊഴിയിലെ വിവരങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം, അഭിലാഷ് കൊല നടത്താന്‍ ഉപയോഗിച്ച ആയുധം വാങ്ങിയത് ഗള്‍ഫില്‍ നിന്നാണെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.

ഇന്നലെ രാത്രി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ അഭിലാഷിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി അഞ്ചുദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. കൊലപാതകത്തിന് ഉപയോഗിച്ച കത്തി സംഭവ സ്ഥലത്തുവച്ച് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. വ്യക്തി വൈരാഗ്യം മൂലമാണ് കൊലപാതകമെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. ഇക്കാര്യത്തിലുള്‍പ്പെടെ കൂടുതല്‍ വ്യക്തതക്ക് വേണ്ടിയാണ് കസ്റ്റഡിയില്‍ ആവശ്യപ്പെടുന്നത്.സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അഭിലാഷിന് വേണ്ടി അന്വേഷണ സംഘം ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും. കൊയിലാണ്ടി കോടതിയിലാണ് കസ്റ്റഡി അപേക്ഷ നല്‍കുക.

Related Articles

Latest Articles