തിരുവനന്തപുരം: എന്‍.എസ്.എസ് ഉള്‍പ്പെടെയുള്ള സമുദായ സംഘടനകളുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കാന്‍ ഇടതുപക്ഷം തയ്യാറാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. എന്‍.എസ്.എസിനെ സി.പി.എം ശത്രുവായി കാണുന്നില്ലെന്ന് ആവര്‍ത്തിച്ചുകൊണ്ടാണ് കോടിയേരി ഇക്കാര്യം വ്യക്തമാക്കിയത്. എല്‍.ഡി.എഫ് തെക്കന്‍ മേഖലാ ജനസംരക്ഷണയാത്രയ്ക്കിടെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കോടിയേരി ബാലകൃഷ്ണന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

എന്‍.എസ്.എസിലെ മഹാഭൂരിപക്ഷവും ഇടതിനൊപ്പമാണെന്നാണ് കോടിയേരിയുടെ വാദം. നേതൃത്വത്തിന് വിപ്രതിപത്തി കാണുമായിരിക്കും. അത് അഭിപ്രായമായി മാത്രമേ കണക്കാക്കുന്നുള്ളൂ. നവോത്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച്‌ നിന്നിട്ടുള്ളവരാണ് സമുദായസംഘടനകള്‍. എസ്.എന്‍.ഡി.പി യോഗത്തിന്റെയും കെ.പി.എം.എസിന്റെയും നിലപാടുകള്‍ സ്വാഗതാര്‍ഹമാണ്.

കേരളത്തിലെ രാഷ്ട്രീയ സാഹചര്യം ഇടതുപക്ഷത്തിന് അനുകൂലമായി മാറിക്കൊണ്ടിരിക്കുന്നതിന് തെളിവാണ് തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍. ഇടതുസര്‍ക്കാര്‍ അധികാരമേറ്റ ശേഷം തുടര്‍ച്ചയായി എല്‍.ഡി.എഫിന് അനുകൂലമായ മുന്നേറ്റമാണ്. ഓരോ വര്‍ഷവും എത്രത്തോളം വാഗ്ദാനങ്ങള്‍ നടപ്പാക്കിയെന്ന് ജനങ്ങളോട് വിശദീകരിച്ചും പരിമിതികള്‍ ബോദ്ധ്യപ്പെടുത്തിയുമാണ് ഇടതുസര്‍ക്കാര്‍ നീങ്ങുന്നത്.

ബി.ജെ.പിയുടെ വര്‍ഗീയതയ്ക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസിനെക്കാള്‍ വിശ്വസിക്കാനാവുന്നത് ഇടതുപക്ഷത്തെയാണെന്ന് ജനങ്ങള്‍ക്കറിയാം. സര്‍വേ റിപ്പോര്‍ട്ടുകള്‍ പ്രസക്തമല്ല. 2011ല്‍ 40 സീറ്റ് ഇടതുപക്ഷത്തിന് സര്‍വേകള്‍ പ്രവചിച്ചിടത്ത് 68 സീറ്റ് കിട്ടി. ഇന്ത്യയിലെ ഒരു സംസ്ഥാനത്തും കോണ്‍ഗ്രസുമായി മുന്നണിയില്ല. പശ്ചിമബംഗാളിലുള്‍പ്പെടെ നേട്ടം കൊയ്യുമെന്നും ഇടതുപക്ഷമില്ലാത്ത പാര്‍ലമെന്റ് എന്ന ചിലരുടെ സ്വപ്നം നടക്കാന്‍ പോകുന്നില്ലെന്നും കോടിയേരി പറഞ്ഞു.