കല്‍പ്പറ്റ: പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച വയനാട് ലക്കിടി സ്വദേശി ഹവില്‍ദാര്‍ വിവി വസന്തകുമാറിന്റെ ഭൗതിക ശരീരം കുടുംബ ശ്മശാനത്തില്‍ സംസ്‌കരിച്ചു. വീട്ടിലും സ്‌കൂളിലും പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങളാണ് എത്തിയത്. രാത്രി എട്ട് മണിയോടെയാണ് സംസ്‌കാര ചടങ്ങുകള്‍ക്ക് തുടങ്ങിയത്. കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രന്‍, ഗതാഗത വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ തുടങ്ങിയവരും ലക്കിടിയിലെത്തിയിരുന്നു.

വീട്ടിനുള്ളിലേക്ക് കൊണ്ടുപോയ മൃതദേഹം വസന്തകുമാറിന്റെ ബന്ധുക്കള്‍ക്കും സുഹൃത്തുകള്‍ക്കും മാത്രമാണ് കാണാന്‍ അവസരം നല്‍കിയത്. തുടര്‍ന്ന് മുറ്റത്തേക്ക് കൊണ്ടു വന്ന മൃതദേഹത്തില്‍ നാട്ടുകാര്‍ ആദരാജ്ഞലി അര്‍പ്പിച്ചു. പിന്നീട് വസന്തകുമാര്‍ പഠിച്ച സ്‌കൂളിലേക്ക് കൊണ്ടുപോയി.

ശനിയാഴ്ച ഉച്ചയോടെയാണ് വസന്തകുമാറിന്റെ ഭൗതിക ശരീരം കരിപ്പൂരിലെത്തിച്ചത്. ഇവിടെ വച്ച്‌ കേന്ദ്ര, സംസ്ഥാന മന്ത്രിമാര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. യാത്രാമധ്യേ തൊണ്ടയാട് വച്ചും രാമനാട്ടുകാര വച്ചും ജനങ്ങള്‍ ആദരാഞ്ജലി അര്‍പ്പിച്ചു. തൃക്കൈപ്പറ്റ വാഴക്കണ്ടിയിലെ കുടുംബ ശ്മശാനത്തിലായിരുന്നു സംസ്‌കാരം. ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹന വ്യൂഹത്തിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തിലായിരുന്നു ഹവില്‍ദാര്‍ വസന്തകുമാറടക്കം 39 ജവാന്മാർ വീരമൃത്യു വരിച്ചത്.