Tuesday, December 30, 2025

ബിജെപിയെ നേരിടാൻ കഴിയില്ല! സി പി എമ്മിന് സ്വാധീനം കേരളത്തിൽ മാത്രം; രാജ്യത്താകെയുള്ള അംഗങ്ങളില്‍ പകുതിയും കേരളത്തില്‍ നിന്ന്: ത്രിപുരയിലും ബംഗാളിലും വന്‍കുറവ്

കണ്ണൂർ:സി പി എമ്മിന് കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍ കാര്യമായി വളര്‍ച്ച നേടാനായതു കേരളത്തില്‍ മാത്രം. സംഘടനാ റിപ്പോർട്ടിലാണ് ഈ വിലയിരുത്തൽ. രാജ്യത്താകെയുള്ള അംഗത്വത്തില്‍ പകുതിയിലേറെയും കേരളത്തിലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ചുവപ്പുകോട്ടയായിരുന്ന പശ്ചിമബംഗാളില്‍, 2017-ല്‍ 2,08,923 അംഗങ്ങളുണ്ടായിരുന്നു. അതിപ്പോള്‍ 1,60,827 ആയി കുറഞ്ഞു. കേരളത്തില്‍ പശ്ചിമ ബംഗാളിന്‍റെ മൂന്നിരട്ടി അംഗങ്ങള്‍ ഉണ്ട്.

സിപിഎം അംഗങ്ങളുടെ ആകെ എണ്ണം 9,85,757 ആണ്. ഇതില്‍ 5, 27, 174 പേര്‍ കേരളത്തില്‍ നിന്നാണ്. 2017-ല്‍ 97,990 അംഗങ്ങളുണ്ടായിരുന്നു. ഇപ്പോള്‍, 50,612 പേരേയുള്ളൂ. ത്രിപുരയില്‍ അംഗസംഖ്യ പകുതിയായി കുറഞ്ഞു. പാര്‍ട്ടിയും ബഹുജന സംഘടനകളും ഭരണത്തിന്‍റെ അനുബന്ധങ്ങളാകരുതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ജനങ്ങള്‍ക്ക് സ്വീകാര്യമായ വിനയത്തോടെയുള്ള പെരുമാറ്റം വേണം. ലോക്സഭ തെരഞ്ഞെടുപ്പില്‍ മത ന്യൂനപക്ഷ പിന്തുണ കൊണ്ട് പാര്‍ട്ടിക്ക് ദേശീയ തലത്തില്‍ ബിജെപിയെ നേരിടാനാവില്ലെന്നും വിലയിരുത്തുകയുണ്ടായി.

പശ്ചിമബംഗാളില്‍ പാര്‍ട്ടി തകര്‍ന്നടിഞ്ഞു. ആത്മ പരിശോധനയ്ക്ക് പശ്ചിമബംഗാള്‍ കമ്മിറ്റിക്ക് കുറിപ്പ് നല്‍കി. തൃണമൂലിനും ബിജെപിക്കുമിടയില്‍ ഒത്തുകളിയെന്ന വിലയിരുത്തല്‍ പിഴവായിരുന്നു. കേന്ദ്രകമ്മിറ്റി നിര്‍ദ്ദേശം ലംഘിച്ചാണ് കോണ്‍ഗ്രസും ഐ എസ് എഫും ഉള്‍പ്പെട്ട സംയുക്ത മുന്നണി ഉണ്ടാക്കിയത്.

എന്നാൽ, കേരളത്തില്‍ ഭരണത്തുടര്‍ച്ച നേടിയെങ്കിലും പുതിയ സാഹചര്യത്തിലെ ചുമതലകള്‍ കാര്യക്ഷമമായി നിറവേറ്റാന്‍ പാര്‍ട്ടിയംഗങ്ങളുടെ രാഷ്ട്രീയ-പ്രത്യയശാസ്ത്ര നിലവാരം ഉയര്‍ത്തണമെന്നാണ് സി.പി.എം. കേന്ദ്രനേതൃത്വം പറയുന്നത്.

Related Articles

Latest Articles