Sunday, October 4, 2026

പോലീസും കോടതിയും വനിതാ കമ്മീഷനുമെല്ലാം പാർട്ടി തന്നെ, എസ് എഫ് ഐ വനിതാ നേതാവിനെ ഡി വൈ എഫ് ഐ നേതാവ് മർദ്ദിച്ച കേസ് ഒത്തുതീർപ്പാക്കി സിപിഎം, പോലീസിൽ പരാതി നൽകില്ലെന്ന് ഉറപ്പ് വാങ്ങി സിപിഎം നേതാക്കൾ!

ഹരിപ്പാട് : എസ്എഫ്ഐ വനിതാ നേതാവിനെ ഡിവൈഎഫ്ഐ നേതാവ് ബൈക്ക് ഇടിച്ചുവീഴ്ത്തി മർദ്ദിച്ച സംഭവം പാർട്ടി തലത്തിൽ ഒത്തുതീർപ്പാക്കി. സിപിഎം ഡിവൈഎഫ്ഐ നേതാക്കൾ ചേർന്നാണ് പ്രശ്നം ഒത്തുതീർപ്പാക്കിയത്. സംഭവത്തിൽ മർദ്ദനമേറ്റ എസ്എഫ്ഐ നേതാവ് പരാതിയില്ലെന്ന് അറിയിച്ചു. പോലീസിൽ പരാതി നൽകരുതെന്ന് വനിതാ നേതാവിൽനിന്ന് പാർട്ടി നേതൃത്വം ഉറപ്പുവാങ്ങിയതായാണ് അറിഞ്ഞത് . കേരള സർവകലാശാല യൂണിയൻ ഭാരവാഹിയായ പെൺകുട്ടി, നങ്ങ്യാർകുളങ്ങര ടികെഎംഎം കോളജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ്.

ഡിവൈഎഫ്ഐയുടെ ഹരിപ്പാട് ഏരിയ ജോയിന്റ് സെക്രട്ടറി അമ്പാടി ഉണ്ണിക്കെതിരെയാണ് പരാതി ലഭിച്ചത്. ഇയാൾ യുവതിയെ ഹെൽമറ്റുകൊണ്ട് മർദ്ദിച്ചെന്നാണു വിവരം. തുടർന്ന് ഇയാളെ ഡിവൈഎഫ്ഐ പ്രാഥമിക അംഗത്വത്തിൽ നിന്നു പുറത്താക്കിയതായാണ് അറിയാൻ കഴിഞ്ഞത്.

കഴിഞ്ഞ ദിവസം കുമാരപുരം പഞ്ചായത്ത് ഓഫിസിനു സമീപത്തുവച്ചതായിരുന്നു ഇയാൾ യുവതിയെ മർദ്ദിച്ചത് . യുവതികളോടു മോശമായി പെരുമാറിയെന്നാരോപിച്ച് ഇയാൾക്കെതിരെ പെൺകുട്ടി ജില്ലാ സെക്രട്ടറിക്കു നേരത്തെ പരാതി നൽകിയിരുന്നു. ഇത് ഇയാളുടെ വിവാഹാലോചനയെ ബാധിച്ചെന്നാണു വിവരം. ഇതുമൂലമുള്ള വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. എന്നാൽ പരാതി നൽകാത്തതിനാൽ കേസ് എടുത്തിട്ടില്ല.

Related Articles

Latest Articles