ആലപ്പുഴ: ആലപ്പുഴയിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിന് വെട്ടേറ്റു (CPM Worker Attacked). കലവൂരിൽ ആണ് സംഭവം. വളവനാട് ലോക്കൽ കമ്മിറ്റി അംഗം സന്തോഷിനാണ് വെട്ടേറ്റത് . സാരമായി പരിക്കേറ്റ സന്തോഷിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് വർക്ക് ഷോപ്പ് നടത്തിവരികയാണ് സന്തോഷ്. ഇവിടെവച്ചാണ് ആക്രമണം ഉണ്ടായത്. അതേസമയം സന്തോഷ് അപകട നില തരണം ചെയ്തുവെന്നാണ് ആശുപത്രിയിൽ നിന്നും ലഭിക്കുന്ന വിവരം. സംഭവത്തിൽ രണ്ട് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
എന്നാൽ ആക്രമണത്തിൽ രാഷ്ട്രീയമില്ലെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലായി സന്തോഷും ആക്രമിച്ച സംഘവുമായി തർക്കം നിലനിന്നിരുന്നു. ഈ തർക്കങ്ങളാണ് ആക്രമണത്തിൽ കലാശിച്ചത് എന്നാണ് വിവരം. നേരത്തെ ആക്രമിച്ച സംഘത്തിലെ ഒരാളുടെ ബൈക്ക് സന്തോഷ് തീയിട്ട് നശിപ്പിച്ചിരുന്നു. ഇതിന് പ്രതികാരം ചെയ്യുന്നതിന് വേണ്ടിയാണ് സംഘം വർക്ക് ഷോപ്പിൽ എത്തിയത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ ആദ്യം ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

