ദില്ലി: കാലാവസ്ഥാ മുന്നറിയിപ്പുകൾ പരിഗണിച്ച് സംസ്ഥാനസർക്കാർ അപകട മേഖലയിൽ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചില്ലെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വിമർശനത്തിന് പിന്നാലെ രൂക്ഷ വിമർശനവുമായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും. ഇത് കേരളം വരുത്തിവച്ച ദുരന്തമെന്ന് വനം പരിസ്ഥിതി മന്ത്രി ഭുപേന്ദ്രയാദവ് ദില്ലിയിൽ പറഞ്ഞു. പരിസ്ഥിതി ലോല മേഖലകൾ സംരക്ഷിക്കുന്നതിൽ കേരള സർക്കാർ പരാജയപ്പെട്ടു. ഇത്തരം മേഖലകളിൽ വ്യാപകമായി അനധികൃത കുടിയേറ്റവും ഖനന പ്രവർത്തനങ്ങളും നടക്കുന്നു. ഇതിന് പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ നേതൃത്വവും പിന്തുണയുമുണ്ട്.
പരിസ്ഥിതി ലോല മേഖലകൾ സംരക്ഷിക്കാൻ സംസ്ഥാന സ്വീകരിച്ച നടപടികളെ കുറിച്ചുള്ള റിപ്പോർട്ട് ഉടൻ ആവശ്യപ്പെടും. കേന്ദ്ര റിപ്പോർട്ടുകളെ സംസ്ഥാനം അവഗണിക്കുന്നു. കേരളത്തിന് വിനോദ സഞ്ചാരത്തിനായി പ്രത്യേകം സോണുകളില്ലെന്നും അനധികൃത താമസവും ഖനന പ്രവർത്തനങ്ങളും ഉടൻ നിർത്തലാക്കാൻ നടപടി .സ്വീകരിക്കണമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. പരിസ്ഥിതി ലോല മേഖലകൾക്കായി കേരളം പ്രത്യേക പദ്ധതി തയ്യാറാകണമെന്നും അദ്ദേഹം .ആവശ്യപ്പെട്ടു.
കഴിഞ്ഞ ജൂലൈ 30 നാണ് നാടിനെ നടുക്കിയ ഉരുൾപൊട്ടൽ വയനാട് ചൂരൽമലയിൽ ഉണ്ടായത്. ഇതുവരെ 360 പേരാണ് മരണമടഞ്ഞതായി സ്ഥിരീകരിച്ചത്. നൂറുകണക്കിന് ആളുകളെ ഇപ്പോഴും കണ്ടെത്താനായില്ല. നൂറിലധികം മൃതദേഹങ്ങളാണ് തിരിച്ചറിയാൻ കഴിയാതെ കൂട്ട സംസ്‌കാരം നടത്തിയത്. രക്ഷാപ്രവർത്തനം ആറാം ദിവസവും തുടരുകയാണ്. മൂന്നു സേനാവിഭാഗങ്ങളടക്കം എല്ലാ ഏജൻസികളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാണ്

