Friday, May 24, 2024
spot_img

കെ ഫോൺ; സംസ്ഥാനത്ത് ഉടനീളം കേബിൾ ശൃംഖല സ്ഥാപിക്കാൻ നൽകിയ കരാറുകളിലും മറിഞ്ഞത് കോടികൾ?; ഉപകരാറുകള്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കി, ഓഫീസ് പൂട്ടിക്കെട്ടി കമ്പനി

തിരുവനന്തപുരം: കേരള സർക്കാരിന്റെ കെ ഫോൺ പദ്ധതിക്ക് വേണ്ടി സംസ്ഥാനത്ത് ഉടനീളം കേബിൾ ശൃംഖല സ്ഥാപിക്കാൻ നൽകിയ കരാറുകളിലും മറിഞ്ഞത് കോടികൾ. ഒപ്റ്റിക്കൽ ഫൈബര്‍ കേബിൾ വലിക്കാൻ നൽകിയ ഉപകരാറുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ കമ്പനി സംസ്ഥാനത്തെ ഓഫീസ് തന്നെ പൂട്ടിക്കെട്ടി. കിലോമീറ്ററിന് കൂടിയ തുകയ്ക്ക് ഏറ്റെടുത്ത പണി കുറഞ്ഞ തുകയ്ക്ക് ഉപകരാര്‍ നൽകിയെന്ന് മാത്രമല്ല, കരാര്‍ റദ്ദാക്കുന്നതിന് മുൻപ് കുടിശിക തീര്‍ക്കാൻ പോലും തയ്യാറായില്ലെന്നും പരാതിയുണ്ട്.

ഭാരത് ഇലട്രോണിക്സും എസ്ആര്‍ഐടിയും റെയിൽ ടെൽ കോര്‍പ്പറേഷനും എൽഎസ് കേബിളും അടങ്ങുന്ന നാല് കമ്പനികളുടെ കൺസോഷ്യത്തിനായിരുന്നു സംസ്ഥാനത്തെ കെ ഫോണിന്‍റെ നടത്തിപ്പ് ചുമതല. പദ്ധതി രേഖ അനുസരിച്ച് 35000 കിലോമീറ്ററിൽ കേബിൾ ശൃംഖല വേണം, ചെലവ് 1611 കോടി. അതായത് ഒരു മീറ്റര്‍ കെ ഫോൺ നെറ്റ്‍വര്‍ക്ക് സ്ഥാപിക്കുന്നത് 47 രൂപ നിരക്കിൽ. പ്രാഥമിക പ്രവര്‍ത്തനങ്ങൾക്ക് റെയിൽവെയര് അടക്കം ഏഴ് കമ്പനികൾക്ക് ഉപകരാര്‍ നൽകി. വിവിധ സ്ഥാപനങ്ങൾക്ക് റെയിൽവെയര്‍ വീണ്ടും കരാര്‍ നൽകിയതാകട്ടെ മീറ്ററിന് 16 നിരക്കിലും.

കരാര്‍ അനുസരിച്ച് കിട്ടിയ 15000 കിലോമീറ്ററിൽ 4000 പൂര്‍ത്തിയാക്കി. തൊട്ട് പിന്നാലെ പദ്ധതിയിൽ നിന്ന് ഒഴിവാക്കിയെന്ന് മെയിൽ വന്നു. പ്രത്യേകിച്ച് കാരണം ഇല്ല ,കിട്ടാനുള്ള ലക്ഷങ്ങളുടെ കുടിശികയുമില്ലെന്ന് മലപ്പുറം സ്വദേശി പ്രസൂൺ പറഞ്ഞു. റെയിൽവെയര്‍ ഉപകരാറുകാരെ എല്ലാം ഒഴിവാക്കിയതോടെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് അങ്ങിങ്ങ് ഇറക്കിയ കേബിളടക്കം അനുബന്ധ സാമഗ്രികളെല്ലാം കാടെടുത്ത് നശിക്കുകയാണ്. മെക്സിയോൺ എന്ന കമ്പനിക്കാണ് കേബിളിംഗ് ജോലികളുടെ പുതിയ കരാര്‍. അത് മീറ്ററിന് ഏഴ് രൂപ നിരക്കിനെന്നാണ് രേഖ.

Related Articles

Latest Articles