Friday, March 29, 2024
spot_img

കേരള കോൺഗ്രസിന് ഇന്ന് നിർണായകം: സീറ്റില്ലെങ്കിൽ പാർട്ടി വിടുമെന്ന ഭീഷണിയിൽ പി ജെ ജോസഫ്

കോട്ടയം∙ കോട്ടയത്തെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസിന്‍റെ നിര്‍ണായക യോഗങ്ങള്‍ ഇന്ന്. രാവിലെ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിന് ശേഷം സ്റ്റിയറിങ് കമ്മിറ്റി യോഗവും ചേരും. ഇതിനിടെ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്‍മാറണമെന്ന ആവശ്യവുമായി മാണി ഗ്രൂപ്പ് നേതാക്കള്‍ പി.ജെ.ജോസഫിനെ സമീപിച്ചു.

പാര്‍ട്ടിക്ക് ലഭിക്കുന്ന ഏകസീറ്റില്‍ മൽസരിക്കാന്‍ തയാറായി നില്‍ക്കുകയാണു പി.ജെ. ജോസഫ്. ആഗ്രഹം പരസ്യമായി പറഞ്ഞ പിജെ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുന്നു. എന്നാല്‍ പി.ജെ. ജോസഫിന്‍റെ അവകാശവാദങ്ങള്‍ അംഗീകരിക്കാതെ മാണി ഗ്രൂപ്പ് മറുപക്ഷത്തുണ്ട്. ഒരുഘട്ടത്തില്‍ പിളര്‍പ്പിന്‍റെ സൂചനകള്‍ നല്‍കി തര്‍ക്കം മുറുകിയെങ്കിലും സഭാമേലധ്യക്ഷന്‍മാരുടെ ഇടപെടല്‍ സമവായത്തിന് വഴിയൊരുക്കി. എന്നാല്‍ രണ്ട് ദിവസം മുന്‍പ് സ്ഥിതി സങ്കീര്‍ണമായി.

പരസ്യമായി സീറ്റ് ആവശ്യപ്പെട്ടത് അച്ചടക്ക ലംഘനമാണെന്ന് മാണി വിഭാഗം ചൂണ്ടിക്കാട്ടുന്നു. ഗ്രൂപ്പിന്‍റെ പേരിലല്ല മറിച്ചു വർക്കിങ് ചെയർമാൻ എന്ന നിലയിൽ സീറ്റു വേണമെന്നാണ് പി.ജെ. ജോസഫിന്‍റെ ആവശ്യം. ഇക്കാര്യം ഇന്ന് ഇരു യോഗത്തിലും ഉന്നയിക്കും. ഇതിനിടയിലാണ് മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറണമെന്ന ആവശ്യവുമായി മാണി ഗ്രൂപ്പിലെ പ്രമുഖര്‍ ഇന്നലെ ഉച്ചകഴിഞ്ഞ് പി.ജെ. ജോസഫിനെ സമീപിച്ചത്.

തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നതായി പിജെ ഇവരെ അറിയിച്ചു. സ്ഥാനാര്‍ഥിയാക്കിയില്ലെങ്കില്‍ പാര്‍ട്ടി വിടാനുള്ള തീരുമാനവും പിജെ ഇന്ന് യോഗത്തില്‍ അറിയിക്കും. പാർലമെന്ററി പാർട്ടിയിലും സ്റ്റീയറിങ് കമ്മിറ്റിയിലും ഭൂരിപക്ഷമുള്ളതിനാൽ അനുകൂലമായി തീരുമാനം എടുപ്പിക്കാമെന്നാണു മാണി വിഭാഗത്തിന്റെ ആത്മവിശ്വാസം.

മുതിർന്ന നേതാവ് പി.ജെ. ജോസഫ് സീറ്റ് ആവശ്യപ്പെടുമ്പോൾ അതിനെ തള്ളാന്‍ അംഗങ്ങള്‍ക്കാകില്ലെന്ന് ജോസഫ് വിഭാഗവും വിശ്വസിക്കുന്നു. മുതിര്‍ന്ന നേതാക്കളുടെ നിലപാട് വിഷയത്തില്‍ നിര്‍ണായകമാകും. കമ്മിറ്റി യോഗങ്ങളിലും തര്‍ക്കം മുറുകിയാല്‍ അന്തിമ തീരുമാനം കെ.എം. മാണിക്ക് വിടും. പി.ജെ. ജോസഫിനു സീറ്റു നൽകി പകരം മാണി വിഭാഗം പാർട്ടി സ്ഥാനം ഏറ്റെടുക്കാനുള്ള സമവായ നീക്കത്തിനും സാധ്യത ഏറെയാണ്.

Related Articles

Latest Articles