Saturday, October 24, 2026

റഫാൽ വിമാന ഇടപാടിൽ നിർണായക വഴിത്തിരിവ്: മറുപടി സമർപ്പിക്കാൻ ഓഗസ്റ്റ് പകുതി വരെ സമയം തേടി ഫ്രാൻസ്

ദില്ലി : ഇന്ത്യൻ വ്യോമസേനയ്ക്കായി 114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള വൻ കരാറിൽ ഔദ്യോഗിക പ്രതികരണം അറിയിക്കാൻ ഫ്രാൻസ് സമയം നീട്ടി ചോദിച്ചു. ഇന്ത്യ നൽകിയ ഔദ്യോഗിക അഭ്യർത്ഥനാ കത്തിന് ഓഗസ്റ്റ് പകുതിയോടെ മറുപടി സമർപ്പിക്കുമെന്നാണ് ഫ്രഞ്ച് പ്രതിരോധ ഉദ്യോഗസ്ഥർ നൽകുന്ന സൂചന. കഴിഞ്ഞ മേയിലാണ് ഇന്ത്യ ഇതുസംബന്ധിച്ച ആവശ്യരേഖകൾ ഫ്രാൻസിന് കൈമാറിയത്.

ഫ്രാൻസിന്റെ ഔദ്യോഗിക പ്രതികരണം ലഭിച്ച ശേഷമായിരിക്കും വിമാനങ്ങളുടെ വില, സാങ്കേതിക കൈമാറ്റം ഉൾപ്പെടെയുള്ള മറ്റ് നിർണായക വിഷയങ്ങളിലെയും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകൾ ആരംഭിക്കുക. സർക്കാർ തലത്തിൽ നേരിട്ട് നടത്തുന്ന ഈ ബൃഹത്തായ പദ്ധതി പ്രകാരം 114 വിമാനങ്ങളിൽ 94 എണ്ണവും ഫ്രഞ്ച് വിമാന നിർമ്മാതാക്കളായ ദസ്സോ ഏവിയേഷൻ ഇന്ത്യൻ കമ്പനിയുമായി ചേര്‍ന്ന് ഇന്ത്യയിൽ തന്നെയായിരിക്കും നിർമ്മിക്കുക.
പഴയ റഷ്യൻ നിർമ്മിത മിഗ് വിമാനങ്ങൾ ഘട്ടഘട്ടമായി പിൻവലിക്കുന്നതിനാലും തദ്ദേശീയമായി നിർമ്മിക്കുന്ന എൽ.സി.എ മാർക്ക് 1A വിമാനങ്ങളുടെ വിതരണത്തിൽ നേരിടുന്ന കാലതാമസം കാരണവും വ്യോമസേനയുടെ പോരാട്ട വീര്യം നിലനിർത്താൻ ഈ യുദ്ധവിമാനങ്ങൾ അത്യന്താപേക്ഷിതമാണ്.

നിലവിൽ വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 62 റഫാൽ വിമാനങ്ങൾക്ക് ഓർഡർ നൽകിയിട്ടുള്ള ഇന്ത്യ, 114 വിമാനങ്ങൾ കൂടി എത്തുന്നതോടെ റഫാൽ വ്യൂഹത്തിന്റെ ശേഷി 176 ആയി ഉയർത്തും. നാവികസേനയുടെ കൂടുതൽ ആവശ്യങ്ങൾ കൂടി പരിഗണിക്കുമ്പോൾ രാജ്യത്തെ മൊത്തം റഫാൽ വിമാനങ്ങളുടെ എണ്ണം 200 കടന്നേക്കും.

Related Articles

Latest Articles