Sunday, September 20, 2026

തീവ്ര ന്യൂനമർദം രൂപപ്പെട്ടു: സംസ്ഥാനത്ത് ഇന്ന് മുതൽ മഴ കനക്കും; വടക്കൻ കേരളത്തിലെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മഴ വീണ്ടും ശക്തമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ശക്തിപ്രാപിച്ച് തീവ്ര ന്യൂനമർദമായി മാറിയ പശ്ചാത്തലത്തിൽ വടക്കൻ കേരളത്തിലാണ് മഴ കൂടുതൽ കനക്കുക. ഇതിന്റെ അടിസ്ഥാനത്തിൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന വടക്കൻ ഒഡീഷ – പശ്ചിമ ബംഗാൾ തീരപ്രദേശങ്ങളിലുമാണ് നിലവിൽ തീവ്ര ന്യൂനമർദം സ്ഥിതി ചെയ്യുന്നത്. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് കൂടുതൽ കരുത്താർജിച്ച് അതിതീവ്ര ന്യൂനമർദമായി മാറിയേക്കും. തുടര്‍ന്ന് ഒഡീഷ – പശ്ചിമ ബംഗാൾ തീരത്ത് പാരദ്വീപിനും സാഗർ ദ്വീപിനും ഇടയിലായി ഇത് കരതൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനുപുറമേ പടിഞ്ഞാറൻ രാജസ്ഥാനു മുകളിലായി മറ്റൊരു ന്യൂനമർദവും നിലനിൽക്കുന്നുണ്ട്.
ഈ അന്തരീക്ഷ വ്യതിയാനങ്ങളുടെ സ്വാധീനഫലമായി ഈ മാസം 30 വരെ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടർന്നേക്കുമെന്നാണ് പ്രവചനം. ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ആവശ്യമായ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Related Articles

Latest Articles