Monday, May 6, 2024
spot_img

വ്ലാഡിമിർ പുട്ടിന്റെ വിശ്വസ്തൻ; അലക്സാണ്ടർ ഡഗിന്റെ മകൾ മോസ്കോയിലുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു; യുക്രൈനിൽ റഷ്യയുടെ ആക്രമണ തന്ത്രങ്ങൾ മെനയുന്നത് ഡഗിനാണെന്ന് സൂചന

മോസ്കോ: റഷ്യൻ പ്രസി‍ഡന്റ് വ്ലാഡിമിർ പുട്ടിന്റെ വിശ്വസ്തന്റെ മകൾ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. പുട്ടിന്റെ ‘ആത്മീയ ആചാര്യ’നായ അലക്സാണ്ടർ ഡഗിന്റെ മകൾ ഡാരിയ ഡഗിനയാണ് മോസ്കോയിലുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. ഇവർ മാധ്യമ പ്രവർത്തകയായി ജോലി ചെയ്യുകയായിരുന്നു. യുക്രെയ്നിൽ റഷ്യയുടെ ആക്രമണ തന്ത്രങ്ങൾ മെനയുന്നത് അലക്സാണ്ടർ ഡഗിനാണെന്നാണു സൂചന .

ഇന്നലെ മോസ്കോ നഗരത്തിന്റെ അതിർത്തിയിലുള്ള ഒരു ഗ്രാമത്തിലാണു സ്ഫോടനമുണ്ടായത്. അലക്സാണ്ടർ ഡഗിനും മകൾ ഡാരിയ ഡഗിനയും പൊതുപരിപാടിക്കു ശേഷം ഒരു വാഹനത്തില്‍ മടങ്ങാനാണു തീരുമാനിച്ചിരുന്നത്. എന്നാൽ പിന്നീട് അലക്സാണ്ടർ ‍ഡഗിൻ മറ്റൊരു വാഹനത്തിൽ കയറിപ്പോയി. ഇതിനു പിന്നാലെയാണു സ്‌ഫോടനമുണ്ടായതെന്നാണ് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അലക്സാണ്ടർ ഡഗിനെയാണോ അക്രമികൾ ലക്ഷ്യം വച്ചതെന്ന കാര്യം വ്യക്തമല്ല. സ്ഫോടനമുണ്ടായ കാര്യം റഷ്യൻ ഭരണകൂടവും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഡാരിയ സ്വന്തമായാണ് കാർ ഓടിച്ചിരുന്നതെന്നും സ്ഫോടനത്തിനു പിന്നാലെ കാറിൽ തീപടർന്നതായും വിവരമുണ്ട്. എഴുത്തുകാരനായ അലക്സാണ്ടർ ഡഗിനെ ‘പുട്ടിന്റെ തലച്ചോറ്’ എന്നാണു വിശേഷിപ്പിക്കുന്നത്. അപകടം നടന്ന ദിവസം ഡാരിയ അലക്സാണ്ടർ ഡഗിന്റെ കാറാണ് ഓടിച്ചിരുന്നത്. 1992 ൽ ജനിച്ച ഡാരിയ, മോസ്കോ സർവകലാശാലയിൽനിന്നാണ് ഫിലോസഫിയിൽ ബിരുദമെടുത്തത്.

Related Articles

Latest Articles