Saturday, May 18, 2024
spot_img

നവജാത ശിശുവിനെ വെള്ളത്തില്‍ മുക്കിക്കൊന്ന സംഭവം; അമ്മ കുറ്റം സമ്മതിച്ചു, സഹായിച്ചത് മുതിര്‍ന്ന കുട്ടി

കാഞ്ഞിരപ്പള്ളി: നവജാത ശിശുവിനെ വെള്ളത്തില്‍ മുക്കികൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ കുറ്റം സമ്മതിച്ചു. അതിന് സഹായിച്ചത് മുതിര്‍ന്ന കുട്ടിയാണെന്നും അവർ സമ്മതിച്ചു. പോലീസ് ഇവരെ അറസ്റ്റ് ചെയ്തു. അതേ സമയം കുഞ്ഞിനെ കൊലപ്പെടുത്താന്‍ സഹായിച്ച ഇവരുടെ മുതിര്‍ന്ന കുട്ടിയും കേസില്‍ പ്രതിയായേക്കും എന്നാണ് പൊലീസ് പറയുന്നത്. ഇടക്കുന്നം മുക്കാലി മരൂര്‍മലയില്‍ നിഷയാണ് കേസില്‍ അറസ്റ്റിലായത്. ഇവര്‍ കുറ്റം സമ്മതിച്ചുവെന്നാണ് പൊലീസ് പറയുന്നത്.

സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെയാണ്, ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. കുഞ്ഞ് അബദ്ധത്തിൽ കൈയിൽ നിന്നു വെള്ളത്തിൽ വീണു മരിച്ചതാണെന്നാണു നിഷ വ്യാഴാഴ്ച പൊലീസിനു മൊഴി നൽകിയത്. എന്നാൽ കുഞ്ഞിനെ വെള്ളത്തിലിട്ടു കൊന്നതാണെന്നു കുട്ടികളിൽ ഒരാൾ പൊലീസിനു മൊഴി നൽകി. തുടർന്നു വീണ്ടും ചോദ്യം ചെയ്തപ്പോൾ നിഷ കുറ്റം സമ്മതിച്ചു. ഞായറാഴ്ചയാണ് നിഷയ്ക്ക് കുഞ്ഞു ജനിച്ചത്. വീട്ടിൽത്തന്നെയായിരുന്നു പ്രസവം.

സുരേഷിന്റെയും നിഷയുടെയും ആറാമത്തെ കുട്ടിയാണിത്. ദാരിദ്ര്യം മൂലം കുട്ടിയെ വളർത്താൻ കഴിയില്ലെന്ന ഭീതിയും നാട്ടുകാരുടെ പരിഹാസവും ഭയന്നാണ് കുഞ്ഞിനെ ശുചിമുറിയിലെ കന്നാസിലെ വെള്ളത്തിലിട്ടു കൊന്നതെന്നു നിഷ പറഞ്ഞു. ഒരുവശം തളർന്നു പോയ താൻ മുതിർന്ന കുട്ടിയുടെ സഹായത്തോടെയാണ് കുഞ്ഞിനെ വെള്ളത്തിലിട്ടതെന്നും നിഷ പറഞ്ഞുവെന്നാണ് പൊലീസ് പറയുന്നത്.

ഇടതു കാലിന്റെ ശേഷിക്കുറവും ദാരിദ്ര്യവും മൂലവും കുട്ടിയെ വളർത്താൻ ബുദ്ധിമുട്ടുമെന്ന് നിഷ പൊലീസിനോട് പറഞ്ഞു. നാട്ടുകാരിൽ നിന്നുള്ള പരിഹാസവും ഭയന്നു. നാളുകളായി ഇവർ നാട്ടുകാരിൽ നിന്ന് അകന്നാണു കഴിയുന്നത്. ജോലിക്കു പോയതിനാൽ കുഞ്ഞിനെ കൊന്ന വിവരം അറിഞ്ഞില്ലെന്നു സുരേഷ് മൊഴി നൽകി.

നിഷയ്ക്ക് പ്രസവ ശേഷം വേണ്ടത്ര ശുശ്രൂഷ ലഭിച്ചില്ലെന്നു വൈദ്യ പരിശോധനയിൽ കണ്ടെത്തി. ഇതേത്തുടർന്ന് കാഞ്ഞിരപ്പള്ളി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് റിമാൻഡ് ചെയ്ത നിഷയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റ് 5 കുട്ടികളെ പൊലീസ് ശിശുസംരക്ഷണ കേന്ദ്രങ്ങളിലേക്കു മാറ്റിയിരുന്നു.

Related Articles

Latest Articles