Saturday, May 4, 2024
spot_img

സി പി എം സർക്കാരിന്റെ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ട മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന് വാഹനാപകടത്തില്‍ പരുക്ക്; ദുരൂഹതയില്ലെന്ന് പൊലീസ്

കൊച്ചി: സി പി എം സര്‍ക്കാറിന്റെ പെന്‍ഷനും ആനുകൂല്യങ്ങളും നിഷേധിച്ച മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ കെ രാധാകൃഷ്ണന് വാഹനാപകടത്തില്‍ പരുക്ക്. വെള്ളിയാഴ്ച തൃപ്പൂണിത്തുറയിലെ വീടിനു മുന്നിലായിരുന്നു അപകടം നടന്നത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ ഓട്ടോറിക്ഷയെ ഓവര്‍ടേക്ക് ചെയ്തുവന്ന സ്‌കൂട്ടര്‍ ഇടിച്ചായിരുന്നു അപകടം.

സംഭവത്തില്‍ തൃപ്പൂണിത്തുറ പോലീസ് കേസെടുത്തിട്ടുണ്ട്. ഇതിൽ ദുരൂഹതയൊന്നും തന്നെ ഇല്ലെന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. നടുവിനും തലയ്ക്കും പരുക്കേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. സ്ഥാനക്കയറ്റത്തിലൂടെ ഐപിഎസ് നേടി ആറുമാസം മുന്‍പു വിരമിച്ച രാധാകൃഷ്ണന്‍ ബെംഗളുരുവില്‍ സെക്യൂരിറ്റി ജോലി ചെയ്തുവരികയാണ്. കഴിഞ്ഞ ദിവസമാണ് എറണാകുളത്തെ വീട്ടിലെത്തിയത്.

കെ. രാധാകൃഷ്ണന് നാല് വര്‍ഷത്തിലധികമായി പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും സര്‍ക്കാര്‍ നിഷേധിച്ചിരിക്കുകയാണ്. ഫസല്‍ വധക്കേസില്‍ സി.പി.എം. നേതാക്കളെ അന്വേഷണ പരിധിയിലെത്തിച്ച മുന്‍ ഐ.പി.എസ്. ഉദ്യോഗസ്ഥനാണ് കെ രാധകൃഷ്ണന്‍. സി.പി.എം ഇപ്പോഴും വേട്ടയാടുന്നുണ്ടെന്നും ജീവിക്കാന്‍ വേറെ വഴിയില്ലാത്തതിനാലാണ് സെക്യൂരിറ്റി ജോലിയ്ക്ക് ഇറങ്ങിയതെന്നും രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു.

പിണറായി സര്‍ക്കാരെത്തിയതിന് പിന്നാലെ സസ്‌പെന്‍ഡ് ചെയ്തു. വിരമിക്കും വരെ തിരിച്ചെടുത്തില്ല. അപേക്ഷയുമായി മുഖ്യമന്ത്രിയെ നേരിട്ട് കാണാൻ ചെന്നിരുന്നു. എന്നാൽ അവിടെയും തന്നെ അധിക്ഷേപിയ്ക്കുകയാണുണ്ടായത്. ആത്മഹത്യ അല്ലാതെ മറ്റ് വഴികള്‍ ഇല്ലെന്ന് പറഞ്ഞപ്പോള്‍ എന്നാല്‍ അങ്ങനെ ആയിക്കോട്ടെ എന്നും മുഖ്യമന്ത്രി പറഞ്ഞുവെന്നും രാധാകൃഷ്ണന്‍ ആരോപിച്ചിരുന്നു.

നാലര വര്‍ഷം നീണ്ട സസ്‌പെന്ഷന്‍ കാലയളവിലെ ആനുകൂല്യങ്ങളോ പെന്‍ഷനോ നല്‍കിയിട്ടുമില്ല. ഈ സാഹചര്യമാണ് ഐ.പി.എസുകാരനായ രാധാകൃഷ്ണനെ സെക്യൂരിറ്റി ജീവനക്കാരനാക്കി മാറ്റിയത്.

Related Articles

Latest Articles