Friday, November 20, 2026

സൂര്യകിരീടം വീണുടഞ്ഞിട്ട് ഇന്നേക്ക് 12 വര്‍ഷങ്ങള്‍; പുത്തഞ്ചേരിയുടെ ഓർമകളിൽ സംഗീത ലോകം

മലയാളത്തിന്റെ പ്രിയ കവി ഗിരീഷ് പുത്തഞ്ചേരി (Gireesh Puthenchery) ഓര്‍മ്മയായിട്ട് ഇന്നേക്ക് 12 വര്‍ഷങ്ങള്‍. ദേവാസുരത്തിലെ സൂര്യകിരീടം വീണുടഞ്ഞു, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്തിലെ പിന്നെയും പിന്നെയും ആരോ, പ്രണയവര്‍ണ്ണങ്ങളിലെ ആരോ വിരൽ മീട്ടി, കഥാവശേഷനിലെ കണ്ണുനട്ട് കാത്തിരുന്നിട്ടും, രാവണപ്രഭുവിലെ ആകാശദീപങ്ങള്‍ സാക്ഷി തുടങ്ങി ധാരാളം ഗാനങ്ങളാണ് അദ്ദേഹത്തിന്‍റെ തൂലിക നിന്ന് പിറവിയെടുത്തത്. ഏകദേശം 2500 ഗാനങ്ങളാണ് പുത്തഞ്ചേരി മലയാളിക്കു സമ്മാനിച്ചത്.

മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ഏഴുതവണ അദ്ദേഹത്തെ തേടിയെത്തിയിരുന്നു. 2001 മുതല്‍ തുടര്‍ച്ചയായി നാലുതവണ പുരസ്‌കാരം ഗിരീഷ് സ്വന്തമാക്കിയിട്ടുണ്ട്. ഗാനങ്ങൾക്കു പുറമേ മലയാളി ഇഷ്ടപ്പെട്ട കുറച്ചു സിനിമകൾക്കു കഥയും അദ്ദേഹം എഴുതി. മേലേപ്പറമ്പിൽ ആൺവീട്, കിന്നരിപ്പുഴയോരം എന്നീ ഹിറ്റ് ചിത്രങ്ങൾക്കു വേണ്ടിയാണ് അദ്ദേഹം കഥയെഴുതിയത്. വടക്കുംനാഥൻ, പല്ലാവൂർ ദേവനാരായണൻ, ബ്രഹ്‌മരക്ഷസ് എന്നിവയ്ക്കു തിരക്കഥയുമെഴുതി.

മോഹൻലാലിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യുമെന്ന് പലതവണ പുത്തഞ്ചേരി പറഞ്ഞിട്ടുണ്ടായിരുന്നു. ആ മോഹം സഫലമാകുന്നതിനു മുൻപേ അദ്ദേഹം വിടവാങ്ങി. 2010 ഫെബ്രുവരി പത്തിനായിരുന്നു 48 വയസ്സുള്ള അദ്ദേഹത്തിന്‍റെ മരണം.

Related Articles

Latest Articles