മുംബൈ: നിരന്തരമായ വധഭീഷണിയെ തുടര്‍ന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി മഹാരാഷ്ട്ര സര്‍ക്കാര്‍. താരത്തിന്റെ ജീവന് ഭീഷണി വർദ്ധിച്ചുവെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആറ് സുരക്ഷാ ഉദ്യോഗസ്ഥര്‍ അടങ്ങുന്നതാണ് വൈ പ്ലസ് സുരക്ഷ കാറ്റഗറി. ഇരുപത്തിനാല് മണിക്കൂറും ഈ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഷാരൂഖ് ഖാന് ഒപ്പമുണ്ടാകും.
രാജ്യത്തിനകത്ത് എല്ലാ സ്ഥലത്തും കമാന്റോകളുടെ സുരക്ഷാവലയത്തിലായിരിക്കും ഷാരൂഖിന്റെ യാത്ര. മുംബൈയിലെ ഷാരൂഖിന്റെ വസതിയായ മന്നത്തിനും സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ സേവനത്തിന് അനുബന്ധ ചെലവുകൾ വഹിക്കാനുള്ള ഉത്തരവാദിത്തം നടനായിരിക്കും. വിഐപി സെക്യൂരിറ്റി വിഭാഗത്തിലെ സ്പെഷ്യൽ ഐജിപി ദിലീപ് സാവന്താണ് ഷാരൂഖ് ഖാന് സുരക്ഷാ ഭീഷണിയുള്ളതായി അറിയിച്ചത്.
ബോളിവുഡില്‍ നിന്ന് കിങ് ഖാനെ കൂടാതെ സല്‍മാന്‍ ഖാനാണ് വൈ പ്ലസ് സുരക്ഷയുള്ളത്. അധോലോക ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്‌ണോയി സംഘത്തിന്റെ ഭീഷണിയെ തുടര്‍ന്നാണ് സല്‍മാന് സുരക്ഷ കൂട്ടിയത്. അമിതാഭ് ബച്ചന്‍, ആമിര്‍ ഖാന്‍, അക്ഷയ് കുമാര്‍, അനുപം ഖേര്‍ എന്നിവര്‍ക്ക് എക്‌സ് സുരക്ഷയാണുള്ളത്.

