Sunday, May 12, 2024
spot_img

ദുരന്തഭൂമിയായി തുർക്കിയും സിറിയയും; മരണം 4000 കടന്നു; തുർക്കിക്ക് 45 രാജ്യങ്ങളുടെ സഹായവാഗ്‌ദാനം; ദുഷ്ക്കരമായി രക്ഷാപ്രവർത്തനം

അങ്കാറ: ലോകത്തെ നടുക്കിയ ദുരന്തമായി തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പം. മരണ സംഖ്യ 4000 കടന്നു. അയ്യായിരത്തോളം കെട്ടിടങ്ങൾ തകർന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ മരണസംഖ്യ ഇനിയും ഉയർന്നേക്കും എന്നാണ് ആശങ്ക. 14000 പേർക്ക് പരിക്കേറ്റിട്ടുണ്ട്. അതി ശൈത്യം രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സമാകുന്ന സാഹചര്യമുണ്ട്. സിറിയയിലെ സ്ഥിതി ദൗയനീയമാം വിധം മോശമാണ്. വർഷങ്ങളായി ആഭ്യന്തര യുദ്ധത്തിലായിരുന്ന രാജ്യത്ത് സർക്കാർ സംവിധാനങ്ങൾ താറുമാറായ അവസ്ഥയാണ്. റോഡുകളും പാലങ്ങളും കെട്ടിടങ്ങളും തകർന്നു. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനുള്ള സംവിധാനങ്ങൾ രാജ്യത്തില്ലാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ദുരന്ത സാഹചര്യത്തിൽ തുർക്കിക്ക് അന്താരാഷ്‌ട്ര സഹായം പ്രവഹിക്കുകയാണ്. ഇന്ത്യയും അമേരിക്കയും അടക്കം 45 രാജ്യങ്ങൾ ഇതിനോടകം സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഐക്യരാഷ്ട്ര സഭാ ഏജൻസികളും രക്ഷാ പ്രവർത്തനത്തിൽ സജീവമാണ്.

ആശുപത്രികളും ചരിത്രസ്മാരകങ്ങളുമുൾപ്പെടെ ആയിരക്കണക്കിന് കെട്ടിടങ്ങൾ നിലംപൊത്തി. ഒട്ടേറെപ്പേർ ഇവയ്ക്കടിയിൽ കുടുങ്ങിയിട്ടുള്ളതിനാൽ മരണസംഖ്യ കുത്തനെ ഉയരാം. 1939-ൽ 33,000 പേരുടെ മരണത്തിനിടയാക്കിയ എർസിങ്കൻ ഭൂകമ്പത്തിനുശേഷം തുർക്കിയിലുണ്ടാകുന്ന ശക്തമായ ഭൂകമ്പമാണിതെന്ന് പ്രസിഡന്റ് രജബ്‌ തയ്യിപ് ഉർദുഗാൻ പറഞ്ഞു. പ്രസിഡന്റ് ബാഷർ അൽ അസദിന്റെ സർക്കാരും വിമതരുമായി 11 വർഷത്തിലേറെയായി യുദ്ധം നടക്കുന്ന സിറിയയിൽ ആയിരത്തിലേറെ പേർ മരിച്ചതായാണ് വിവരം. 1,280-ഓളം പേർക്ക് പരിക്കേറ്റു. വിമതരുടെ നിയന്ത്രണത്തിലുള്ള വടക്കുപടിഞ്ഞാറൻ സിറിയയെയാണ് ഭൂകമ്പം ഏറെ ബാധിച്ചത്. യുദ്ധം നശിപ്പിച്ച അലെപ്പോ, ലടാക്കിയ, ഹമ, ടാർട്ടസ് പ്രവിശ്യകളിലെ കെട്ടിടങ്ങൾ തകർന്നടിഞ്ഞെന്ന് സിറിയൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. യുദ്ധത്താൽ ഞെരുങ്ങുന്ന ആശുപത്രികളും ആരോഗ്യസംവിധാനങ്ങളും ഭൂകമ്പത്തിൽ പരിക്കേറ്റവരെക്കൊണ്ടു നിറഞ്ഞെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു.

ഇന്ന് ലോകത്തെ ഏറ്റവും സജീവമായ ഭൂകമ്പമേഖലകളിലൊന്നാണ് തുർക്കി. നിരവധി ഭൂകമ്പ ദുരന്തങ്ങൾക്ക് തുർക്കി ഇതിനോടകം സാക്ഷ്യം വഹിച്ചിട്ടുണ്ട്. തുർക്കിയിലെ ഗാസിയന്റെപ് നഗരത്തിനുസമീപം 18 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പമാപിനിയിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. തുർക്കിയിൽനിന്ന് അയ്യായിരത്തിലേറെ കിലോമീറ്റർ അകലെയുള്ള ഗ്രീൻലൻഡിൽവരെ പ്രകമ്പനം അനുഭവപ്പെട്ടെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഡെന്മാർക്ക് ആൻഡ് ഗ്രീൻലൻഡ് പറഞ്ഞു. ആദ്യഭൂകമ്പത്തിനുശേഷമുള്ള പത്തു മണിക്കൂറിനുള്ളിൽ അമ്പതിലേറെ തുടർ ചലനങ്ങളുണ്ടായി. ആദ്യത്തേതിനോളം തീവ്രതയുള്ളവയായിരുന്നു പല തുടർചലനങ്ങളും

Related Articles

Latest Articles