തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ചിന്ത ജെറോം വീണ്ടും വിവാദത്തിൽ. ചിന്തക്ക് ആഡംബര ഹോട്ടൽ ഭ്രമമാണെന്നും കൊല്ലത്തെ നക്ഷത്ര ഹോട്ടലിൽ ദിവസം 8500 രൂപ വാടകയുള്ള മുറിയിൽ ചിന്ത നീണ്ട ഒന്നേമുക്കാൽ വർഷം താമസിച്ചതായും യൂത്ത് കോൺഗ്രസിന്റെ പരാതി. മുറിവാടകയിനത്തിൽ ചിന്ത ധൂർത്തടിച്ചത് 38 ലക്ഷം രൂപയെന്നും പരാതിയിൽ പറയുന്നു. യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ചിന്ത ജെറോമിന്റെ സാമ്പത്തിക സ്രോതസ്സുകളെ കുറിച്ച് അന്വേഷണം വേണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെടുന്നുണ്ട്. വിജിലൻസിനു ഇ ഡി ക്കും പരാതി നൽകിയിട്ടുണ്ട്.അതേസമയം ഹോട്ടലിൽ താമസിച്ചത് വ്യക്തിപരമായ കാര്യമാണെന്നും, മാതാവിന്റെ ആയുർവേദ ചികിത്സയ്ക്കാണ് ഹോട്ടലിൽ താമസിച്ചതെന്നും ചിന്ത വിശദീകരിച്ചു.
യുവജന കമ്മീഷൻ ചെയർപേഴ്‌സൺ എന്ന നിലയിൽ ചിന്തയുടെ ശമ്പളം അൻപതിനായിരം രൂപയിൽ നിന്ന് ഒരു ലക്ഷം രൂപയായി മുൻകാല പ്രാബല്യത്തോടെ വർദ്ധിപ്പിച്ചത് വിവാദമായിരുന്നു. ചിന്ത കേരള സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടാനായി സമർപ്പിച്ച ഗവേഷണ പ്രബന്ധം മൗലികമല്ലെന്നും കോപ്പിയടിച്ചതാണെന്നും ആരോപണമുയർന്നിരുന്നു. പ്രബന്ധത്തിലെ ഗുരുതരമായ പിഴവുകൾ പരിഗണിക്കാതെയാണ് സർവ്വകലാശാല ഡോക്ടറേറ്റ് നൽകിയതെന്ന് തെളിഞ്ഞിരുന്നു. പിഴവുകൾക്ക് മാപ്പ് ചോദിച്ചുകൊണ്ട് ചിന്ത രംഗത്തെത്തുകയും പ്രബന്ധം കോപ്പിയടിയല്ല മറ്റുചില സ്രോതസ്സുകളിൽ നിന്ന് ആശയങ്ങൾ സ്വീകരിച്ചതാണെന്നും വിശദീകരിച്ചിരുന്നു. തുടർന്നാണ് ഇപ്പോൾ ആഡംബര ഹോട്ടൽ വാസത്തെക്കുറിച്ചുള്ള വിവാദങ്ങളും ഉയരുന്നത്.

