തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീർത്തിപ്പെടുത്തുകയും ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണയും വിദ്വേഷവും വളർത്തുകയും ചെയ്യുന്ന തരത്തിൽ AI ഉപയോഗിച്ച് നിർമ്മിച്ച ഡീപ്ഫേക്ക് വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ അടിയന്തര നിയമനടപടികൾ ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി ബിജെപി സംസ്ഥാന സോഷ്യൽ മീഡിയ കൺവീനർ അഭിജിത് രാധാകൃഷ്ണൻ നായർ.
“കൈപ്പടി അൻസാരി” എന്ന പേരിൽ പ്രവർത്തിക്കുന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് വീഡിയോ പ്രചരിപ്പിച്ചതെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. ജി-7 ഉച്ചകോടിയുമായി ബന്ധപ്പെട്ട യഥാർത്ഥ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്ത് ലോകനേതാക്കൾ പ്രധാനമന്ത്രിയെ അപമാനിക്കുന്ന തരത്തിൽ വ്യാജ ദൃശ്യങ്ങൾ സൃഷ്ടിക്കുകയും, അതിനൊപ്പം അധിക്ഷേപകരമായ പരാമർശങ്ങൾ ചേർത്ത് സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തതായി പരാതിയിൽ വ്യക്തമാക്കുന്നു.
രാഷ്ട്രീയ വിമർശനത്തിന്റെ മറവിൽ രാജ്യത്തിന്റെ പ്രധാനമന്ത്രിയെയും ഭരണഘടനാപരമായ ഉന്നത പദവിയെയും ലക്ഷ്യമിട്ട് നടത്തുന്ന ഇത്തരം ആസൂത്രിത സൈബർ ആക്രമണങ്ങൾ അംഗീകരിക്കാനാകില്ലെന്ന് അഭിജിത് പറഞ്ഞു. ഡീപ്ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വ്യാജ പ്രചാരണങ്ങൾ വ്യക്തികളെ മാത്രമല്ല, ജനാധിപത്യ വ്യവസ്ഥയെയും പൊതുസമൂഹത്തിന്റെ വിശ്വാസ്യതയെയും തകർക്കുന്ന ഗുരുതരമായ കുറ്റകൃത്യങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സമൂഹത്തിൽ വിദ്വേഷവും തെറ്റിദ്ധാരണയും സൃഷ്ടിക്കാനുള്ള ലക്ഷ്യത്തോടെയുള്ള ഇത്തരം വ്യാജ പ്രചാരണങ്ങൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ ന്യായ സംഹിതയിലെയും വിവരസാങ്കേതിക നിയമത്തിലെയും ബാധകമായ വകുപ്പുകൾ പ്രകാരം എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് സമഗ്ര അന്വേഷണം നടത്തണം. വീഡിയോ എല്ലാ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിൽ നിന്നും അടിയന്തരമായി നീക്കം ചെയ്യുകയും, ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തി മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുകയും വേണമെന്നും അഭിജിത് നായർ ആവശ്യപ്പെട്ടു. വീഡിയോയുടെ പകർപ്പും മറ്റ് ഡിജിറ്റൽ തെളിവുകളും പരാതിക്കൊപ്പം സമർപ്പിച്ചിട്ടുണ്ടെന്നും അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും അഭിജിത് അറിയിച്ചു.

