ന്യൂഡല്‍ഹി : ഡല്‍ഹി നിയമസഭാ മന്ദിരത്തിനും സ്പീക്കര്‍ വിജേന്ദര്‍ ഗുപ്തയ്ക്കും നേരെ വീണ്ടും ബോംബ് ഭീഷണി. ചൊവ്വാഴ്ച രാവിലെ 8.39-ഓടെയാണ് സ്പീക്കറുടെ ഔദ്യോഗിക ഇ-മെയില്‍ ഐഡിയിലേക്ക് ഞെട്ടിക്കുന്ന ഭീഷണി സന്ദേശം എത്തിയത്. നിയമസഭാ മന്ദിരത്തില്‍ വന്‍ സ്‌ഫോടനം നടത്തുമെന്നായിരുന്നു സന്ദേശത്തിലെ പ്രധാന ഭീഷണി. സന്ദേശം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ സ്പീക്കറുടെ ഓഫീസ് വിവരം സുരക്ഷാ ഏജന്‍സികളെയും ഡല്‍ഹി പൊലീസിനെയും അറിയിച്ചു. തുടര്‍ന്ന് ഡല്‍ഹി പൊലീസിന്റെ പ്രത്യേക സംഘവും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി നിയമസഭാ സമുച്ചയത്തിലും പരിസരപ്രദേശങ്ങളിലും മണിക്കൂറുകളോളം നീണ്ട വിശദമായ പരിശോധന നടത്തി.
അത്യാധുനിക ഉപകരണങ്ങളും ശ്വാനസേനയെയും ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ സംശയാസ്പദമായ വസ്തുക്കളോ സ്‌ഫോടകവസ്തുക്കളോ കണ്ടെത്തിയില്ല. ഇതോടെ ഇത് വ്യാജ ഭീഷണിയാണെന്ന് പ്രാഥമികമായി സ്ഥിരീകരിച്ചു. പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച് ഒരു നിരോധിത ഖാലിസ്ഥാന്‍ ഭീകരസംഘടനയുടെ പേരിലാണ് ഇ-മെയില്‍ അയച്ചിരിക്കുന്നത്. ഇ-മെയിലിന്റെ ഐപി വിലാസവും ഡിജിറ്റല്‍ ഉറവിടവും കണ്ടെത്താനായി ഡല്‍ഹി പൊലീസിന്റെ സൈബര്‍ സെല്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഡല്‍ഹി നിയമസഭയെയും ജനപ്രതിനിധികളെയും ലക്ഷ്യമിട്ട് ബോംബ് ഭീഷണി ഉയരുന്നത് ഇതാദ്യമായല്ല. കഴിഞ്ഞ മാര്‍ച്ച് മാസത്തിലും സമാനമായ രീതിയില്‍ നിയമസഭാ മന്ദിരം തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഇ-മെയിലുകള്‍ ലഭിച്ചിരുന്നു. തുടര്‍ച്ചയായുണ്ടാകുന്ന ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഡല്‍ഹി നിയമസഭാ സമുച്ചയത്തിലും സ്പീക്കറുടെ വസതിക്കും ചുറ്റും സുരക്ഷ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താന്‍ കേന്ദ്ര ഏജന്‍സികളുടെ സഹായത്തോടെ ഡല്‍ഹി പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.

