Monday, April 29, 2024
spot_img

വിവാദ ഉത്തരവുമായി ദില്ലി ഹൈക്കോടതി; പ്രായപൂർത്തിയാകാത്ത മുസ്ലിം പെൺകുട്ടികൾക്ക് ഋതുമതിയെങ്കിൽ വിവാഹം കഴിക്കാം, കല്യാണം പോക്സോ കേസാകില്ല

ദില്ലി: പ്രായപൂർത്തിയാകാത്ത മുസ്ലിം പെൺകുട്ടികൾക്ക് ഋതുമതിയെങ്കിൽ വിവാഹം കഴിക്കാം എന്ന വിവാദ ഉത്തരവുമായി ദില്ലി ഹൈക്കോടതി. മുസ്ലിം വ്യക്തി നിയമ പ്രകാരം ഋതുമതിയായ പെൺകുട്ടിക്ക് വിവാഹിതയാകാം എന്നാണ് ദില്ലി ഹൈക്കോടതി ഉത്തരവിറക്കിയത്. പ്രായപൂർത്തിയായില്ലെങ്കിലും പെൺകുട്ടിക്ക് വിവാഹം കഴിക്കാവുന്നതാണെന്നും വിവാഹത്തിന് രക്ഷകർത്താക്കളുടെ അനുമതി ആവശ്യമില്ലെന്നും ഹൈക്കോടതി പറഞ്ഞു. അതിനാൽ പ്രായപൂർത്തിയാകാതെ വിവാഹം കഴിച്ച പെൺകുട്ടിക്ക് ഭർത്താവിനൊപ്പം താമസിക്കാൻ അവകാശമുണ്ട്. അതേസമയം, ഈ വിവാഹത്തെ ഒരിക്കലും പോക്‌സോ കേസിൽ ഉൾപ്പെടുത്താനാകില്ലെന്നും കോടതി പറഞ്ഞു.

ഇക്കഴിഞ്ഞ മാർച്ചിൽ ബിഹാറിൽ ഒരു മുസ്ലിം പെൺകുട്ടി മാതാപിതാക്കളുടെ എതിർപ്പ് മറികടന്ന് വിവാഹിതയായിരുന്നു. ഇതുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ തുടർച്ചായെത്തിയ കേസിലാണ് ജസ്റ്റിസ് ജസ്മീത് സിംഗ് ഇത്തരത്തിലൊരു ഉത്തരവിറക്കിയത്. 25 വയസുള്ള പുരുഷൻ, 15 കാരിയായ പെൺകുട്ടിയെ വിവാഹം കഴിച്ചത് മാതാപിതാക്കളുടെ സമ്മതം ഇല്ലാതെയായിരുന്നു. പെൺകുട്ടി ഗർഭിണിയായതോടെ ഭർത്താവിനെതിരെ പെൺകുട്ടിയുടെ കുടുംബം പോക്‌സോ കേസിന് പോലീസിൽ പരാതിയും നൽകി. ഇതോടെ പോലീസ് പെൺകുട്ടിയുടെ ഭർത്താവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

തുടർന്ന് പെൺകുട്ടി ഇതിനെതിരെ ഹർജി നൽകുകയായിരുന്നു. ഹർജി പരിഗണിച്ച കോടതി പ്രായപൂർത്തി ആയിട്ടില്ലെങ്കിൽ പോലും ഋതുമതിയായ മുസ്ലിം പെൺകുട്ടിക്ക് മുഹമ്മദൻ നിയമം അനുസരിച്ച് വിവാഹം കഴിക്കാവുന്നതാണെന്ന് വ്യക്തമാക്കി. ഇത്തരം സംഭവങ്ങളിൽ പോക്സോ പ്രകാരം കേസെടുക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. മുൻ വിധികളും കോടതി ചൂണ്ടികാട്ടിയിരുന്നു.

മുഹമ്മദൻ നിയമം അനുസരിച്ച്, പ്രായപൂർത്തിയായ പെൺകുട്ടിക്ക് മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹം കഴിക്കാമെന്നും അവൾക്ക് 18 വയസ്സിന് താഴെയുള്ളപ്പോൾ പോലും ഭർത്താവിനൊപ്പം താമസിക്കാൻ അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി. പ്രായപൂർത്തിയായോ എന്നത് ഇവിടെ ബാധകമല്ലെന്നും കോടതി ചൂണ്ടികാട്ടി. പ്രായപൂർത്തിയാകുന്നതിന് മുമ്പേ വിവാഹിതരാകാൻ പെൺകുട്ടികളെ മാതാപിതാക്കൾ നിർബന്ധിക്കുന്ന സാഹചര്യത്തിൽ നിയമപരിരക്ഷയാണ് അവർ ആകെ ആശ്രയമായി കണ്ടിരുന്നത്. എന്നാൽ ഇത്തരത്തിലുള്ള ഉത്തരവിലൂടെ നിയമത്തിലും കോടതിയിലുമുള്ള അവരുടെ വിശ്വാസമാണ് നഷ്ടപ്പെടുന്നത്.

Related Articles

Latest Articles