Thursday, May 16, 2024
spot_img

പാകിസ്ഥാന് വേണ്ടി ചാരപ്രവർത്തനം; ഒളിവിൽ കഴിഞ്ഞിരുന്ന ജാംനഗർ സ്വദേശി മുഹമ്മദ് സഖ്‌ലെയ്ൻ അറസ്റ്റിൽ

അഹമ്മദാബാദ്: പാകിസ്ഥാന് വേണ്ടി നിർണായ വിവരങ്ങൾ ചോർത്തി നൽകിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്നയാൾ അറസ്റ്റിൽ. ഗുജറാത്തിലെ ജാംനഗർ സ്വദേശിയായ മുഹമ്മദ് സഖ്‌ലെയ്ൻ ആണ് അറസ്റ്റിലായത്. ഗുജറാത്ത് ഭീകര വിരുദ്ധ സേനയാണ് പ്രതിയെ പിടികൂടിയത്.

ഇയാൾ ഒരു ഇന്ത്യൻ സിം കാർഡ് മേടിക്കുകയും ഇതിൽ വാട്സാപ്പ് ആക്ടിവേറ്റ് ചെയ്യുകയുമായിരുന്നു. പിന്നീട് ഇത് ഉപയോഗിച്ചിരുന്നത് ഇയാളുമായി ബന്ധപ്പെട്ട പാകിസ്ഥാനി ഹാൻഡ്‌ലേഴ്‌സ് ആയിരുന്നു. കശ്മീരിലെ സൈനികർക്കെതിരായി ചാരപ്രവർത്തനം നടത്തുന്നതിനും രഹസ്യവിവരങ്ങൾ പാകിസ്ഥാൻ ഭീകരർക്ക് ചോർത്തി നൽകുന്നതിനുമായിരുന്നു ഈ നമ്പർ ഉപയോഗിച്ചിരുന്നത്.

2023 ഒക്ടോബറിൽ, മിലിട്ടറി ഇൻ്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, ഗുജറാത്ത് എടിഎസ്, 53-കാരനായ ചാര പ്രവർത്തന ഏജൻ്റായ ലാഭ്‌ശങ്കർ മഹേശ്വരിയെ ഗുജറാത്തിലെ താരാപൂരിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണത്തിൽ ഇയാൾക്ക് സഖ്‌ലെയ്ൻ ആക്ടിവേറ്റ് ചെയ്ത സിം കാർഡ് നൽകിയിരുന്നതായി കണ്ടെത്തി. പാകിസ്താൻ സ്വദേശിയായ ഇയാൾ ഇന്ത്യൻ പൗരത്വം സ്വീകരിച്ചിരുന്നതായും രാജ്യത്തെ സൈനിക ഉദ്യോഗസ്ഥരെ ലക്ഷ്യം വച്ച് വാട്സാപ്പിലൂടെ സ്പൈവെയർ അയച്ചിരുന്നതായും കണ്ടെത്തി.

ലാഭ്ശങ്കർ മഹേശ്വരി ഭാര്യയുടെ പ്രസവ ചികിത്സകൾക്കെന്ന പേരിൽ ഗുജറാത്തിലെത്തുകയും പിന്നീട് ഇന്ത്യൻ പൗരത്വം നേടിയെടുക്കുകയുമായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്തതിനു പിന്നാലെ മുഹമ്മദ് സഖ്‌ലെയ്ൻ ഒളിവിൽ പോവുകയായിരുന്നു. ഇവർ രണ്ടുപേരും ആസൂത്രിതമായൊരു ചാര പ്രവർത്തനത്തിലെ കണ്ണികൾ മാത്രമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.

Related Articles

Latest Articles