Sunday, June 16, 2024
spot_img

സിക്ക വൈറസ് ബാധയ്ക്ക് പിന്നാലെ സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യത; വീടുകളില്‍ കോവിഡ് ക്ലസ്റ്ററുകള്‍ കൂടുന്നു; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

തിരുവനന്തപുരം:∙ സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യതയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സിക്ക വൈറസ് പ്രതിരോധത്തിന് തിരുവനന്തപുരത്ത് മാത്രമല്ല സംസ്ഥാനത്ത് എല്ലായിടത്തും ജാഗ്രത പാലിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രിമാര്‍ നിര്‍ദ്ദേശം നല്‍കി.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഡെങ്കിപ്പനി കേസുകള്‍ കുറവാണ്. എന്നാല്‍ വ്യാപന സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും കൊതുക് നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാനാണ് തീരുമാനം. സിക വൈറസ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയില്‍ ഒന്നടങ്കം ഫോഗിങ് നടത്തുമെന്നും സിക വൈറസ് അവലോകന യോഗത്തിന് ശേഷം മന്ത്രി വ്യക്തമാക്കി.

കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഹോം ക്ലസ്റ്റുകള്‍ വര്‍ധിക്കുന്നതായി മന്ത്രി ആശങ്ക രേഖപ്പെടുത്തി. വീടുകളില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്നുണ്ട്. കോവിഡ് ബാധിച്ചവര്‍ വീടുകളില്‍ ക്വാറന്റൈന്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സിക വൈറസിന്റെ ചികിത്സയേക്കാൾ മികച്ച പരിഹാരം രോഗം വരാതെ തടയുക എന്നതാണ്. സിക വ്യാപിച്ചിരിക്കുന്ന പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യാതിരിക്കുക. കൊതുക് കടിക്കുന്നത് തടയുകയും വൈറസ് ബാധിച്ച പങ്കാളിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാതിരിക്കുകയും ചെയ്യുന്നത് വഴി രോഗം ഒരു പരിധി വരെ ഒഴിവാക്കാം. ചിക്കുൻഗുനിയയും ഡെങ്കിപ്പനിയും പടർത്തുന്ന ഈഡിസ് കൊതുകുകളാണു സിക വൈറസിന്റെയും വാഹകർ.

Related Articles

Latest Articles