Tuesday, May 14, 2024
spot_img

താനൂരിൽ കസ്റ്റഡിയിലിരിക്കെ പ്രതി മരിച്ച സംഭവത്തിൽ കൂട്ട നടപടിയുമായി ആഭ്യന്തര വകുപ്പ്; എസ്ഐ ഉൾപ്പെടെ എട്ടുപൊലീസുകാർക്ക് സസ്‌പെൻഷൻ

മലപ്പുറം : താനൂരിൽ കസ്റ്റഡിയിലിരിക്കെ പ്രതി മരിച്ച സംഭവത്തിൽ കൂട്ട നടപടിയുമായി ആഭ്യന്തര വകുപ്പ് . സംഭവത്തിൽ എസ്ഐ ഉൾപ്പെടെ എട്ടുപൊലീസുകാർക്ക് സസ്‌പെൻഷൻ. അന്വേഷണത്തിനു മുന്നോടിയായി കുറ്റാരോപിതരെ മാറ്റി നിർത്തുന്നതിന്റെ ഭാഗമായാണു സസ്‌പെൻഷൻ നടപടി. എസ്ഐ കൃഷ്ണലാൽ, പൊലീസുകാരായ കെ.മനോജ്, ശ്രീകുമാർ, ആഷിഷ് സ്റ്റീഫൻ, ജിനേഷ്, അഭിമന്യു, വിപിൻ, ആൽബിൻ അഗസ്റ്റിൻ എന്നിവരെയാണ് തൃശൂർ ഡിഐജി സസ്പെൻഡ് ചെയ്തത്.

നാലര മണിക്കൂറോളമാണ് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ നീണ്ടത്. ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ടെന്നും നട്ടെല്ലിനു ക്ഷതമേറ്റതായും മലദ്വാരത്തില്‍ ലാത്തി കയറ്റിയതിന്റേതുപോലുള്ള ലക്ഷണങ്ങള്‍ കണ്ടെത്തിയതായും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍, പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അതേസമയം താമിര്‍ ജിഫ്രിയുടെ ആമാശയത്തില്‍ നിന്ന് ക്രിസ്റ്റല്‍ രൂപത്തിലുള്ള വസ്തുവടങ്ങിയ രണ്ട് പ്ലാസ്റ്റിക് കവറുകള്‍ കണ്ടെത്തി. ഇത് എം.ഡിഎംഎയാണോ എന്ന സംശയത്തിലാണ് പോലീസ്. രാസപരിശോധനാ ഫലം വന്നാലേ മരണകാരണം സ്ഥിരീകരിക്കാനാകൂ.

മയക്കുമരുന്ന് കൈവശം വെച്ചതിന്റെ പേരിലാണ് തിരൂരങ്ങാടി മൂഴിക്കല്‍ മമ്പുറം മാളിയേക്കല്‍ താമിര്‍ ജിഫ്രി (30) താനൂര്‍ പോലീസിന്റെ പിടിയിലാകുന്നത്. ഇയാളടക്കം അഞ്ചുപേരെയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നേകാലോടെ പോലീസ് പിടികൂടിയത്. എന്നാല്‍ ചൊവ്വാഴ്ച പുലര്‍ച്ചെ നാലരയോടെ യുവാവ് മരിച്ചു. താമിർ ജിഫ്രിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ചതവുകള്‍ അടക്കം 13 പാടുകൾ കണ്ടെത്തിയിരുന്നു.

Related Articles

Latest Articles