Friday, May 10, 2024
spot_img

കൂൾ ധോണി കൂൾ …പ്ലേ ഓഫിലെത്തിയിട്ടും ജഡേജയോടു തർക്കിച്ച് ചെന്നൈ നായകൻ – വിഡിയോ വൈറൽ

ദില്ലി : ദില്ലി ക്യാപിറ്റൽസിനെ കീഴടക്കി പ്ലേ ഓഫ് ഉറപ്പിച്ച മത്സരത്തിനു ശേഷം തിരികെ ഡ്രസിങ് റൂമിലേക്ക് പോകവേ സഹതാരം രവീന്ദ്ര ജ‍ഡേജയുമായി തർക്കിച്ച് ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ എം.എസ്. ധോണി. ദില്ലിയിലെ അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തില്‍ ഡേവിഡ് വാർണർ നയിച്ച ദില്ലി ക്യാപിറ്റൽസിനെ 77 റൺസിനു തോൽപിച്ച ശേഷം ഡ്രസിങ് റൂമിലേക്കു മടങ്ങുന്നതിനിടെയായിരുന്നു ജഡേജയും ധോണിയും തമ്മിലുള്ള തർക്കം നടന്നത്. എന്തായാലും ക്യാപ്റ്റൻ കൂളിന്റെ ജഡേജയുമായുള്ള തർക്കം സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി. അതെ സമയം എന്താണ് ഇവർ സംസാരിച്ചത് എന്നത് വ്യക്തമല്ല.

മത്സരത്തിൽ ബാറ്റിംഗിൽ തിളങ്ങിയെങ്കിലും ബൗളിങ്ങിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ ജഡേജയ്ക്ക് സാധിച്ചിരുന്നില്ല. ഇന്നിങ്സിൽ അവസാന പന്തുകൾ നേരിട്ട ജഡേജ ഏഴു പന്തുകളിൽനിന്ന് 20 റൺസ് നേടിയിരുന്നു. അതേസമയം ബൗളിങ്ങിൽ നാല് ഓവറുകൾ പന്തെറിഞ്ഞ താരം 50 റൺസാണു വഴങ്ങിയത്. ഒരു വിക്കറ്റും സ്വന്തമാക്കി.

ചെന്നൈ ഉയർത്തിയ 224 റൺസ് പിന്തുടർന്ന ദില്ലിയുടെ ഇന്നിംഗ്സ് 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തില്‍ 146 റൺസിൽ അവസാനിച്ചു.

ചെന്നൈയ്ക്കായി ഓപ്പണർമാരായ ഋതുരാജ് ഗെയ്ക്‌വാദും ഡെവോൺ കോണ്‍വെയും അർധ സെഞ്ചറി നേടി. 52 പന്തുകൾ നേരിട്ട കോൺവെ 87 റൺസെടുത്തു. 50 പന്തുകൾ നേരിട്ട ഋതുരാജ് ഗെയ്ക്‌വാദ് 79 റൺസെടുത്തു പുറത്തായി. മറുപടി ബാറ്റിങ്ങിൽ ഡൽഹി ക്യാപ്റ്റൻ ഡേവിഡ് വാർണർ തകർപ്പൻ ബാറ്റിങ് പ്രകടനം നടത്തിയപ്പോൾ പിന്തുണ നൽകാൻ മറ്റ് താരങ്ങൾക്ക് കഴിഞ്ഞില്ല. 58 പന്തുകൾ നേരിട്ട ഡേവിഡ് വാർണർ 86 റൺസെടുത്തു പുറത്തായി.

Related Articles

Latest Articles