Sunday, April 28, 2024
spot_img

എക്‌സാലോജിക്കിന്റെ എല്ലാവാദങ്ങളും തള്ളി ജസ്റ്റിസ് നാഗപ്രസന്ന; എസ് എഫ് ഐ ഒ അന്വേഷണം തടയാനോ റദ്ദാക്കാനോ കഴിയില്ല; കർണ്ണാടക ഹൈക്കോടതി വിധി വീണാ വിജയൻറെ മുന്നിലെ എല്ലാ വഴികളും അടക്കുന്നത്; സുപ്രീംകോടതിയിലും രക്ഷയില്ല

ബംഗളൂരു: മാസപ്പടിക്കേസിൽ എസ് എഫ് ഐ ഒ അന്വേഷണം റദ്ദാക്കണമെന്ന ഹർജി ഇന്നലെയാണ് കർണ്ണാടക ഹൈക്കോടതി വിധി തള്ളിയത്. ജസ്റ്റിസ് നാഗപ്രസന്നയുടെ വിശദമായ 46 പേജുള്ള വിധി ഇന്ന് പുറത്തുവരുമ്പോൾ അടയുന്നത് വീണാ വിജയൻറെ മുന്നിലുള്ള എല്ലാ വഴികളുമാണ്. വിധി എതിരായാൽ ഡിവിഷൻ ബെഞ്ചിനെയോ സുപ്രീംകോടതിയെയോ സമീപിച്ചേക്കുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ മേൽക്കോടതികളെ സമീപിച്ചാലും അന്വേഷണം റദ്ദാക്കാൻ എക്‌സാ ലോജിക്കിന് സാധിച്ചേക്കില്ലെന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു. നിയമങ്ങൾ പാലിച്ചു തന്നെയാണ് അന്വേഷണം മുന്നേറുന്നതെന്നും ഇത്തരം കുറ്റകൃത്യങ്ങളുടെ അന്വേഷണ ചുമതല ഏത് ഘട്ടത്തിലും എസ് എഫ് ഐ ഒ ക്ക് കൈമാറാൻ കേന്ദ്രസർക്കാരിന് അധികാരമുണ്ടെന്നും ഹൈക്കോടതി വിധിച്ചു.

കേന്ദ്ര കമ്പനികാര്യമന്ത്രാലയത്തിന്റെ അന്വേഷണം നടന്നുവരുന്ന സമയത്ത് ഇതേ വിഷയം എസ് എഫ് ഐ ഒ ക്ക് അന്വേഷണം നടത്താനാവില്ലെന്ന വാദമാണ് മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണാ വിജയൻ ഏകാംഗ ഡയറക്ടറായ എക്‌സാ ലോജിക് കമ്പനി വാദിച്ചത്. വിവാദ കരിമണൽ കമ്പനിയായ സി എം ആർ എൽ സേവനമൊന്നും നൽകാതെ മുഖ്യമന്ത്രിയുടെ മകളുടെ അക്കൗണ്ടിലേക്കും അവരുടെ കമ്പനിയുടെ അക്കൗണ്ടിലേക്കും കോടികൾ കൈമാറിയ ഇടപാടുകളാണ് എസ് എഫ് ഐ ഒ അന്വേഷിക്കുന്നത്. സി എം ആർ എൽ ആസ്ഥാനത്തും, പൊതുമേഖലാ സ്ഥാപനമായ കെ എസ് ഐ ഡി സി ആസ്ഥാനത്തും എസ് എഫ് ഐ ഒ സംഘം പരിശോധന നടത്തി രേഖകൾ പിടിച്ചെടുത്തിരുന്നു. അടുത്ത ഘട്ടം മുഖ്യമന്ത്രിയുടെ മകളെ ചോദ്യം ചെയ്യലാണെന്ന സാഹചര്യത്തിലാണ് എക്‌സാ ലോജിക് കർണ്ണാടക ഹൈക്കോടതിയിൽ എത്തിയത്.

Related Articles

Latest Articles