Monday, September 21, 2026

ബോക്സ് ഓഫീസ് തകർത്തെറിഞ്ഞ് ‘ധുരന്ധർ 2’; നാലാം ദിനത്തിൽ 450 കോടി പിന്നിട്ടു, കടപുഴകിയത് ബാഹുബലി അടക്കമുള്ള വമ്പൻ ചിത്രങ്ങളുടെ റെക്കോർഡുകൾ

രൺവീർ സിംഗിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത സ്പൈ ത്രില്ലർ ‘ധുരന്ധർ: ദി റിവഞ്ച്’ ആഗോള ബോക്സ് ഓഫീസിൽ സമാനതകളില്ലാത്ത കുതിപ്പ് തുടരുന്നു. റിലീസ് ചെയ്ത് വെറും നാല് ദിവസത്തിനുള്ളിൽ ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് മാത്രം 454.12 കോടി രൂപ നേടിക്കൊണ്ട് ചിത്രം ചരിത്രം കുറിച്ചു. നാലാം ദിനമായ ഞായറാഴ്ച മാത്രം 114.85 കോടി രൂപയാണ് ചിത്രം വാരിക്കൂട്ടിയത്. ഇതോടെ എസ്.എസ്. രാജമൗലിയുടെ ‘ബാഹുബലി’ (421 കോടി), ആമിർ ഖാന്റെ ‘ദംഗൽ’ (387 കോടി) തുടങ്ങിയ വമ്പൻ ചിത്രങ്ങളുടെ ലൈഫ് ടൈം കളക്ഷൻ റെക്കോർഡുകൾ വെറും നാല് ദിവസം കൊണ്ട് ഈ രണവീർ ചിത്രം മറികടന്നു.

ആദ്യ ദിനം 102.55 കോടി രൂപയുമായി ഗംഭീര തുടക്കം കുറിച്ച ചിത്രം, ഓരോ ദിവസം കഴിയുന്തോറും കളക്ഷനിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. പ്രീമിയർ ഷോകൾ ഉൾപ്പെടെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ഇന്ത്യയിലെ ഗ്രോസ് കളക്ഷൻ 541.97 കോടി രൂപയായി ഉയർന്നു. ഹിന്ദി പതിപ്പിനാണ് ഏറ്റവും കൂടുതൽ ഡിമാൻഡ് ഉള്ളതെങ്കിലും തെലുങ്ക്, തമിഴ് പതിപ്പുകളും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. വിദേശ വിപണികളിൽ നിന്നും 149.35 കോടി രൂപ നേടിയതോടെ ചിത്രത്തിന്റെ ആകെ ആഗോള കളക്ഷൻ 691.32 കോടി രൂപയിലെത്തി.

നാലാം ദിനത്തിൽ 83.50 ശതമാനം ഒക്യുപ്പൻസിയാണ് ചിത്രത്തിനുണ്ടായിരുന്നത്. അർജുൻ രാംപാൽ, ആർ മാധവൻ, രാകേഷ് ബേദി തുടങ്ങിയ വൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ യാമി ഗൗതം അതിഥി വേഷത്തിലും എത്തുന്നുണ്ട്. നിലവിലെ കുതിപ്പ് തുടരുകയാണെങ്കിൽ ആദ്യ വാരത്തിൽ തന്നെ ചിത്രം 1000 കോടി ക്ലബ്ബിൽ ഇടം പിടിക്കാനാണ് സാധ്യത. എന്നിരുന്നാലും, പ്രവൃത്തിദിനമായ ഇന്നത്തെ കളക്ഷൻ ആയിരിക്കും ചിത്രത്തിന്റെ വരും ദിവസങ്ങളിലെ ഭാവി നിശ്ചയിക്കുക.

Related Articles

Latest Articles