Wednesday, May 15, 2024
spot_img

നടിയെ ആക്രമിച്ച കേസ്; ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന; ദിലീപിന്റെ ഹർജി വിധി പറയാൻ മാറ്റി ഹൈക്കോടതി

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച് അശ്ലീലദൃശ്യങ്ങൾ പകർത്തിയെന്ന കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദിലീപ് നൽകിയ ഹർജി വിധി പറയാൻ മാറ്റി ഹൈക്കോടതി. ഹൈക്കോടതി ഹർജി തീർപ്പാക്കും മുൻപ് കേസിൽ അന്തിമ റിപ്പോർട്ട് നൽകരുതെന്നു കോടതി നിർദേശിച്ചു. കേസിൽ അന്വേഷണം സിബിഐയ്ക്കു കൈമാറണമെന്ന ദിലീപിന്റെ ആവശ്യത്തെ പ്രോസിക്യൂഷൻ എതിർത്തു. മുൻവിധിയുണ്ടെന്നു കൃത്യമായി സ്ഥാപിക്കാനാവാതെ അന്വേഷണ ഏജൻസിയെ മാറ്റാനാവില്ലെന്നും ഹർജിക്കാരന് ഇത്തരമൊരു ആവശ്യം ഉന്നയിക്കാനാവില്ലെന്നനും കോടതി കണ്ടെത്തി.

ബാലചന്ദ്രകുമാറുമായുള്ള സംഭാഷണമുള്ള ഡേറ്റ വീണ്ടെടുക്കാൻ ഫോണുകൾ മുംബൈയിൽ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചെന്നാണു ഹർജിക്കാർ പറയുന്നത്. എന്നാൽ വീണ്ടെടുക്കാനാവാത്ത വിധം ഡേറ്റ മായ്ച്ചു കളഞ്ഞിട്ടുണ്ട്. തെളിവുകളിൽ കൃത്രിമം കാട്ടിയതിനുശേഷമാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചിരിക്കുന്നതെന്നും പ്രോസിക്യൂഷൻ അറിയിച്ചു. എന്നാൽ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ വൈകിയതിന് എന്താണ് വിശദീകരണമെന്നു കോടതി വാക്കാൽ ചോദിച്ചു. തെളിവുകൾ കൈയിലുണ്ടായിട്ടും എന്തുകൊണ്ടു കൈമാറിയില്ലെന്നും ബാലചന്ദ്രകുമാറിനു മറ്റു താൽപര്യങ്ങളില്ലെന്ന് ഉറപ്പാണോയെന്നും കോടതി ആരാഞ്ഞു.

അതേസമയം ബാലചന്ദ്രകുമാറിന്റെ വിശ്വാസ്യത സംബന്ധിച്ച കാര്യങ്ങളും അന്വേഷണത്തിൽ ഉൾപ്പെടുന്നുണ്ടെന്നു പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ വായുവിലുണ്ടാക്കിയ കേസാണിതെന്നു ദിലീപിനുവേണ്ടി ഹാജരായ സുപ്രീം കോടതി അഭിഭാഷകൻ ദിലീപ് അഗർവാൾ അറിയിച്ചു. വീടിനുള്ളിൽ ഇരുന്ന് ഒരാൾ പറഞ്ഞു എന്നതു വച്ചാണ് ഇത്തരത്തിലുള്ള കേസ്. തുടർനടപടികൾ സംബന്ധിച്ചോ പ്രവൃത്തി സംബന്ധിച്ചോ വസ്തുതകളില്ലെന്നും അഭിഭാഷകൻ വാദിച്ചു. മാത്രമല്ല ഗണിത സൂത്രവാക്യംപോലെയാണു ഗൂഢാലോചന സംബന്ധിച്ചു പ്രോസിക്യൂഷൻ പറയുന്നതെന്നും. ഫോണിലെ വിവരങ്ങൾ നശിപ്പിച്ചിട്ടില്ലെന്നും എല്ലാവരും സാധാരണ ചെയ്യുന്നതുപോലെ അപ്രസക്തമായതും ആവശ്യമില്ലാത്തതുമായ സന്ദേശങ്ങൾ മായ്ച്ചു കളയുക മാത്രമാണു ചെയ്തിരിക്കുന്നതെന്നും ദിലീപിന്റെ അഭിഭാഷകൻ അറിയിച്ചു.

Related Articles

Latest Articles