Thursday, May 9, 2024
spot_img

അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്കനടപടി; അപ്പീൽ കമ്മറ്റിയെ സമീപിച്ച് കേരള ബ്ലാസ്റ്റേഴ്സ്

കൊച്ചി : വിവാദ ഗോൾ അനുവദിച്ചതിൽ പ്രതിഷേധിച്ച് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബെംഗളൂരു എഫ്.സിക്കെതിരായ പ്ലേ ഓഫ് മത്സരം പൂര്‍ത്തിയാക്കാതെ കളം വിട്ട സംഭവത്തില്‍ അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ സ്വീകരിച്ച അച്ചടക്കനടപടിക്കെതിരേ കേരള ബ്ലാസ്റ്റേഴ്സ് അപ്പീല്‍ നല്‍കി. എഐഎഫ്എഫ് അപ്പീല്‍ കമ്മിറ്റിയിലാണ് ബ്ലാസ്റ്റേഴ്സ് അപ്പീല്‍ നല്‍കിയിരിക്കുന്നത്.

സംഭവത്തിൽ ബ്ലാസ്റ്റേഴ്സ് ടീമിന് നാല് കോടി രൂപ പിഴയും പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ചിന് പത്ത് മത്സരങ്ങളില്‍ വിലക്കും അഞ്ച് ലക്ഷം രൂപ പിഴയുമാണ് ഫെഡറേഷന്‍ ശിക്ഷാനടപടിയായി വിധിച്ചത്. മാത്രമല്ല സംഭവത്തിൽ പൊതുക്ഷമാപണം നടത്താന്‍ ക്ലബ്ബിനോടും പരിശീലകനോടും നിര്‍ദേശിച്ചിരുന്നു. തുടർന്ന് ഏപ്രില്‍ രണ്ടാം തീയതി ക്ലബ്ബും കോച്ച് വുകോമനോവിച്ചും പരസ്യമായി ഖേദം പ്രകടിപ്പിച്ചിരുന്നു.

മാര്‍ച്ച് മൂന്നിന് ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന പ്ലേ ഓഫ് മത്സരത്തിന്റെ അധികസമയത്ത് 96-ാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്ക് ബ്ലാസ്റ്റേഴ്സ് താരങ്ങളും ഗോള്‍കീപ്പറും തയ്യാറെടുക്കും മുമ്പ് സുനില്‍ ഛേത്രി പെട്ടെന്നുതന്നെ കിക്കെടുത്ത് പന്ത് വലയിലെത്തിച്ചതോടെയാണ് പ്രശ്നം ആരംഭിച്ചത് . ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ തയാറാകും മുന്‍പാണു കിക്കെടുത്തതെന്ന് താരങ്ങള്‍ വാദിച്ചെങ്കിലും റഫറി ക്രിസ്റ്റല്‍ ജോണ്‍ അത് അംഗീകരിച്ചില്ല. തുടര്‍ന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് ടീമിനെ തിരികെ വിളിക്കുകയായിരുന്നു.

Related Articles

Latest Articles