Monday, April 29, 2024
spot_img

കുറയാതെ കോവിഡ്; കേരളം ഉൾപ്പെടെ 7 സംസ്ഥാനങ്ങളിൽ രോഗ വ്യാപ്തി കൂടുതൽ, മുന്നറിയിപ്പുമായി കേന്ദ്രം

ദില്ലി: രാജ്യത്ത് ആശങ്കയായി വീണ്ടും കോവിഡ്. ഈ സാഹചര്യങ്ങളിൽ ഏഴ് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്രസർക്കാർ. കേരളമുൾപ്പെടെയുള്ള ഏഴ് സംസ്ഥാനങ്ങൾക്കാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ കത്തയച്ചത്. ഈ സംസ്ഥാനങ്ങളിൽ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിൽ കൂടിയതോടെയാണ് സംസ്ഥാനത്തെ ആരോഗ്യ സെക്രട്ടറിമാർക്ക് കേന്ദ്രം കത്തയച്ചത്.

കേരളം, ദില്ലി, കർണാടക, മഹാരാഷ്‌ട്ര, ഒഡിഷ, തമിഴ്‌നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങൾക്കാണ് കേന്ദ്രം കത്തയച്ചത്. കൃത്യമായി കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും കൂടാതെ വാക്‌സിനേഷൻ വർധിപ്പിക്കണമെന്നും നിർദേശങ്ങളിൽ വ്യക്തമാക്കുന്നു.

വരുന്ന മാസങ്ങളിൽ നിരവധി ആഘോഷങ്ങൾ ഉള്ളതിനാൽ ആൾക്കൂട്ടങ്ങൾ ഉണ്ടാകുന്നതിലൂടെ പകർച്ചവ്യാധികളുടെ വ്യാപനം ഉയരുകയും അതുവഴി കോവിഡ് കേസുകൾ ഉയരാനും സാധ്യത ഉണ്ട്. കൂടാതെ മരണനിരക്കും വർധിക്കാനിടയുണ്ട്. അതിനാൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കേന്ദ്രം നൽകിയ നിർദേശത്തിൽ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 19,406 പുതിയ കോവിഡ് രോഗികളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 49 മരണകൾ കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചിരുന്നു. രോഗമുക്തി നിരക്ക് 98.50 ശതമാനമാണെന്നും പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.96 ശതമാനമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Related Articles

Latest Articles