Friday, May 17, 2024
spot_img

കുളച്ചൽ തീരത്ത് കണ്ടെത്തിയ മൃതദേഹം; ആഴിമലയിൽ കാണാതായ കിരണിന്റെതാനെന്ന് തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; സാമ്പിളുകൾ ശേഖരിച്ച് പോലീസ്

തിരുവനന്തപുരം: ആഴിമലയിൽ നിന്നും കാണാതായ കിരണിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം തിരിച്ചറിയാനായി ഡിഎൻഎ പരിശോധനക്കുള്ള നടപടികൾ പൊലീസ് ആരംഭിച്ചു. തമിഴ്നാട് അധികൃതർ മൃതദേഹത്തിൽ നിന്ന് ശേഖരിച്ച സാമ്പിൾ ഇന്നലെ വിഴിഞ്ഞം പൊലീസിന് കൈമാറി. കിരണിന്റെ മാതാപിതാക്കളെ വിളിച്ച് വരുത്തിയ അധികൃതർ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ച് രക്തസാമ്പിളും ശേഖരിച്ചു.

നെയ്യാറ്റിൻകര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഏഴാം കോടതിയുടെ അനുമതിയോടെ സാമ്പിളുകൾ ഇന്ന് തന്നെ തിരുവനന്തപുരം ഫോറൻസിക് ലാബിലേക്ക് പരിശോധനക്ക് അയക്കുമെന്ന് അന്വേഷണ ചുമതലയുള്ള വിഴിഞ്ഞം സിഐ പ്രജീഷ് ശശി പറഞ്ഞു. ഫലം അറിയുമ്പോൾ ആശാരിപ്പള്ളം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകുന്നതിന് തീരുമാനമുണ്ടാകും.

കുളച്ചൽ തീരത്ത് കണ്ടെത്തിയ മൃതദേഹം ആഴിമലയിൽ കാണാതായ മൊട്ടമൂട് സ്വദേശി കിരണിന്‍റേതാണോ എന്ന് നേരത്തെ സംശയമുണ്ടായിരുന്നു. മൃതദേഹത്തിന്‍റെ കയ്യിലെ ചരടും കിരൺ കെട്ടിയിരുന്ന ചരടും തമ്മിൽ വ്യത്യാസമില്ലെന്ന് കിരണിന്‍റെ അച്ഛൻ മധു പറഞ്ഞു. എന്നാൽ ഡി എൻ എ പരിശോധനക്ക് ശേഷം മാത്രമേ മൃതദേഹം ആരുടെയാണെന്നതിന് വ്യക്തത വരുകയുള്ളൂവെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.

രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പമാണ് മൊട്ടമൂട് സ്വദേശിയ കിരണ്‍ ആഴിമലയിലെ ഫേസ്ബുക്ക് സുഹൃത്തിനെ കാണാനെത്തിയത്. വീടിന് മുന്നിലെത്തി മടങ്ങുന്നതിനിടെ കിരണിനെയും സുഹൃത്തുക്കളെയും പെൺകുട്ടിയുടെ സഹോദരനും രണ്ടു ബന്ധുക്കളും പിന്തുടര്‍ന്ന് പിടികൂടി. കിരണിനെ ബൈക്കിലും സുഹൃത്തുക്കളെ കാറിലും കയറ്റി ആഴിമല ഭാഗത്തേക്ക് കൊണ്ടുപോകുകയായിരുന്നു. ബൈക്കിൽ കയറിയ കിരൺ ആഴിമലയിലെത്തിയില്ലെന്നും ബൈക്കിൽ നിന്ന് ഇറങ്ങി ഓടിയെന്ന് പിടിച്ചുകൊണ്ട് പോയവര്‍ പറഞ്ഞെന്നുമാണ് കൂട്ടുകാർ മൊഴി നൽകിയത്. ഇതിനിടയിൽ യുവാക്കളെ മർദ്ദിച്ചെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ഒളിവിൽ പോയ പ്രതികൾ മുൻകൂർ ജാമ്യത്തിനുള്ള ശ്രമങ്ങൾ ആരംഭിച്ചെങ്കിലും ഇന്നലെ വൈകുന്നേരം വരെയും ജാമ്യം ലഭിച്ചില്ലെന്നാണറിവ്. ഇവരെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളും പൊലീസ് തുടരുകയാണ്.

Related Articles

Latest Articles