തിരുവനന്തപുരം : വരാനിരിക്കുന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ വോട്ടർമാരുടെ ഇടതുകയ്യിയിലെ നടുവിരലിൽ മഷി പുരട്ടണമെന്ന് നിർദേശം. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ജൂലൈ 30ന് തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നടക്കുകയാണ്. ഇതിൽ വോട്ട് ചെയ്യാൻ എത്തുന്നവരുടെ ഇടതു കൈയിലെ നടുവിരലിൽ ആയിരിക്കണം മഷി പുരട്ടേണ്ടതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയത്.
സാധാരണഗതിയിൽ വോട്ടർമാരുടെ ഇടതു കൈയിലെ ചൂണ്ടുവിരലിലാണ് മായാത്ത മഷി പുരട്ടാറുള്ളത്. എന്നാൽ, ലോക്സഭാ തെരഞ്ഞെടുപ്പിന് ഈ വിരലിൽ പുരട്ടിയ മഷി പലർക്കും മാഞ്ഞു പോയിട്ടില്ല. ഇതിനാലാണ് തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ നടുവിരലിൽ മഷി പുരട്ടിയാൽ മതിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുള്ളത്.
അതേസമയം, ജൂലൈ 30ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ മാത്രമായിരിക്കും ഈ നിർദ്ദേശം ബാധകമായിരിക്കുക. സംസ്ഥാനത്തെ 49 തദ്ദേശഭരണ സ്ഥാപനങ്ങളിലെ വിവിധ വാർഡുകളിലേക്കാണ് ജൂലൈ 30ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. വയനാട് ഒഴികെയുള്ള സംസ്ഥാനത്തെ 13 ജില്ലകളിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.

