Monday, April 29, 2024
spot_img

നിങ്ങൾക്ക് ഇത്തരം ലക്ഷണങ്ങൾ ഉണ്ടോ? എങ്കിൽ അവഗണിക്കരുതേ, ഭീകരനാണ് ഈ രോഗം, അറിയേണ്ടതെല്ലാം

കാൻസർ കോശങ്ങളുടെ ഘടനയുടെ അടിസ്ഥാനത്തിൽ രണ്ട് തരത്തിലുളള സർക്കോമയാണുള്ളത്. അസ്ഥികളെ ബാധിക്കുന്ന ബോൺ കാൻസറും കോശങ്ങളെ ബാധിക്കുന്ന സോഫ്റ്റ് ടിഷ്യു സർക്കോമയുമാണിവ. ഞരമ്പുകൾ, പേശികൾ, സന്ധികൾ, കൊഴുപ്പ്, രക്തക്കുഴലുകൾ, എല്ലുകൾ തുടങ്ങി ശരീരത്തെ ബന്ധിപ്പിച്ച് നിർത്തുന്ന കോശങ്ങളെയാണ് (കണക്ടീവ് ടിഷ്യൂ) സർക്കോമ ബാധിക്കുന്നത്. കുട്ടികളെയും യുവാക്കളെയുമാണ് ബോൺ കാൻസർ കൂടുതലായി ബാധിക്കുന്നതെങ്കിൽ മധ്യവയസ്ക്കരിലാണ് സോഫ്റ്റ് ടിഷ്യൂ സർക്കോമ ഏറെയും കണ്ടുവരുന്നത്. എത്രയും വേഗം രോഗം കണ്ടെത്തി കൃത്യമായ ചികിത്സ നൽകാൻ കഴിഞ്ഞാൻ രോഗം പൂർണമായും ഭേദമാക്കാൻ കഴിയും.

സർക്കോമയുടെ ലക്ഷണങ്ങൾ

കാലക്രമേണ കൂടി വരുന്ന, രാത്രിയിലും തുടരുന്ന കലശലായ അസ്ഥി വേദനയാണ് കുട്ടികളിലും ചെറുപ്പക്കാരിലും കണ്ടുവരുന്ന ബോൺ കാൻസറുകളുടെ പ്രധാന ലക്ഷണം. വൈദ്യസഹായവും മതിയായ വിശ്രമം ലഭിച്ചാലും വേദന മാറില്ല. അസ്ഥിക്ക് മുകളിൽ മുഴയോ വീക്കമോ തടിപ്പോ ഉണ്ടാകും. അസ്ഥിയിൽ കാൻസർ ബാധിച്ച കുട്ടികളിൽ എല്ലുകൾ ഒടിയാനുള്ള സാധ്യതയും കൂടുതലാണ്.

ശരീരത്തിൽ കാണപ്പെടുന്ന വേഗത്തിൽ വളരുന്ന മുഴകളും സോഫ്റ്റ് ടിഷ്യൂ സർക്കോമയുടെ ലക്ഷണങ്ങളാകാം. വേദനയുള്ളവയാകും ഇവയിൽ പലതും. ശസ്ത്രക്രിയക്ക് ശേഷവും കാണപ്പെടുന്ന മുഴകളും പേശികളിൽ ആഴത്തിൽ കാണപ്പെടുന്ന മുഴകളും കാൻസറാകാനുളള സാധ്യത തള്ളിക്കളയാനാകില്ല.

സർക്കോമ ചികിത്സകൾ

ബോൺ കാൻസർ രോഗികൾക്ക് പ്രധാനമായും നൽകുന്നത് കീമോതെറാപ്പിയും ശസ്ത്രക്രിയയും സംയോജിപ്പിച്ചുള്ള ചികിത്സയാണ്. നേരത്തെ കാൻസർ ബാധിച്ച കൈയോ കാലോ മുറിച്ചു മാറ്റുന്നതായിരുന്നു രീതി. എന്നാൽ സാങ്കേതിക വിദ്യയുടെ വളർച്ചയോടെ ഇതിന് പകരമായി കൈ കാലുകൾ രക്ഷിക്കുന്ന ലിംബ് സേവിംഗ് ശസ്ത്രക്രിയകളാണ് ചെയ്യുന്നത്. ചെറിയ കുട്ടികളിൽ അസ്ഥികളുടെ വളർച്ചക്കനുസരിച്ച് വളരുന്ന കൃത്രിമ സംവിധാനമാണ് (എക്സ്പാൻഡബിൾ ആർട്ടിഫിഷ്യൽ പ്രോസ്റ്റസിസ്) ഉപയോഗിക്കുന്നത്. കംപ്യൂട്ടർ നാവിഗേഷൻ, ത്രീ ഡി പ്രിന്റിംഗ് തുടങ്ങിയവയും സ്വന്തം അസ്ഥി തന്നെ പുനരുപയോഗിക്കുന്ന നൂതനമായ ബയോളജിക്കൽ ഫിക്സേഷൻ രീതികളും ഇന്നുണ്ട്.

സോഫ്റ്റ് ടിഷ്യൂ ക്യാൻസർ രോഗികളിൽ ട്യൂമറിന്റെ സ്വഭാവത്തിനനുസരിച്ചാണ് ചികിത്സ നൽകുന്നത്. ഏത് ഭാഗത്താണ് ട്യൂമർ ഉണ്ടായത്, ഏത് തരം കാൻസറാണ്, രോഗിയുടെ പൊതുവായ ആരോഗ്യം, ട്യൂമറിന്റെ വ്യാപനം തുടങ്ങിയവയെ ആശ്രയിച്ചാണ് ചികിത്സ. ലിംബ് സേവിംഗ് ശസ്ത്രക്രിയയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. പിന്നീട് റേഡിയോ തെറാപ്പി, കീമോതെറാപ്പി എന്നിവയുടെ സഹായത്തോടെ അവശേഷിക്കുന്ന കാൻസർ കോശങ്ങളെയും നശിപ്പിക്കുക കൂടി ചെയ്യും.

Related Articles

Latest Articles