Wednesday, September 23, 2026

സംസ്ഥാനത്ത് സർക്കാർ ഡോക്ടർമാർ സമരത്തിലേക്ക്; ടെലി മെഡിസിൻ സംവിധാനമായ ഇ-സഞ്ജീവനി ഉൾപ്പെടെ ബഹിഷ്കരിക്കുമെന്ന് സൂചന

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ ഡോക്ടർമാർ (Doctors Strike) ശനിയാഴ്ച മുതൽ സമരത്തിലേക്കെന്ന് സൂചന.
ശമ്പള പരിഷ്‌കരണത്തിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. ശനിയാഴ്ച മുതൽ നിസഹകരണ സമരം ആരംഭിക്കാനാണ് തീരുമാനം. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ടെലി മെഡിസിൻ സംവിധാനമായ ഇ-സഞ്ജീവനിയിൽ നിന്നും ഡോക്ടർമാർ വിട്ട് നിൽക്കും. ഇതിന് പുറമെ ഓൺലൈനായി തീരുമാനിച്ചതുൾപ്പെടയുള്ള മീറ്റിംഗുകളും ട്രെയിനിംഗുകളും ഡോക്ടർമാർ ബഹിഷ്‌കരിക്കും.

ഒക്ടോബർ മൂന്നിന് നടക്കുന്ന കെജിഎംഒഎ (KGMOA) സംസ്ഥാന സമിതി തുടർ പ്രതിഷേധങ്ങൾ തീരുമാനിക്കും. ശമ്പള പരിഷ്‌കരണത്തിൽ ആനുപാതിക വർദ്ധനവിന് പകരം ലഭിക്കേണ്ട ശമ്പളം പോലും വെട്ടിക്കുറച്ചുവെന്നാണ് പ്രധാന ആരോപണം. എൻട്രി കേഡറിലെ അടിസ്ഥാന ശമ്പളം വെട്ടിക്കുറച്ചു, പേഴ്‌സണൽ പേ നിർത്തലാക്കി, റേഷ്യോ പ്രമോഷൻ റദ്ദാക്കി, കരിയർ അഡ്വാൻസ്‌മെന്റ് സ്‌കീം ഉത്തരവായിട്ടില്ല, റിസ്‌ക് അലവൻസ് തുടങ്ങീ ശമ്പള പരിഷ്‌കരണത്തിലെ നിരവധി പ്രശ്‌നങ്ങളാണ് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നത്.

എന്നാൽ രോഗികളെ ബാധിക്കാത്ത തരത്തിലാകും സമരമെന്ന് ഡോക്ടർമാർ അറിയിച്ചു. കെജിഎംഒഎയുടെ നേതൃത്വത്തിൽ ഉപവാസ സമരവും നടത്തും. കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ച് കൊണ്ട് സംസ്ഥാന സമിതി അംഗങ്ങൾ മാത്രമായിരിക്കും ഉപവാസത്തിൽ പങ്കെടുക്കുന്നത്.

Related Articles

Latest Articles