കണ്ണൂർ: സംസ്ഥാനത്തെ നിരത്തുകളിലുടനീളം സ്ഥാപിച്ച എഐ ക്യാമറ വിവാദത്തിലുൾപ്പെട്ട പ്രകാശ്ബാബു മുഖ്യമന്ത്രി പിണറായി വിജയനുമായി ബന്ധം സ്ഥാപിക്കുന്നത് കാലങ്ങൾക്ക് മുൻപാണ് . മുഖ്യമന്ത്രിയുടെ പുത്രൻ വിവേക്, പ്രകാശ്ബാബുവിന്റെ മകളെയാണ് വിവാഹം ചെയ്തിരിക്കുന്നത്. തലശേരി സ്വദേശിയായ പ്രകാശ്ബാബു മസ്‌കറ്റ് കേന്ദ്രമായി പ്രവർത്തിച്ചിരുന്ന വൻ ബിസിനസ് സാമ്രാജ്യത്തിന് ഉടമയാണ്. സി.പി. ഐ നേതാവും യുക്തിവാദി പ്രസ്ഥാനത്തിന്റെ അമരക്കാരനുമായ അന്തരിച്ച എടത്തില ബാലകൃഷ്ണന്റെ മകളെയാണ് അദ്ദേഹം വിവാഹം കഴിക്കുന്നത്. ഇയാൾക്ക് പ്രകാശ്ബാബുവിന് തലശേരിയിലും സ്വത്തുക്കളുണ്ടന്നാണ് വിവരം.തലശേരിയിലെ അതീവ സമ്പന്നരിൽ ഒരാളായാണ് പ്രകാശ്ബാബു അറിയിപ്പെടുന്നത്.വല്ലപ്പോഴും മാത്രമേ ഇദ്ദേഹം തലശേരിയിലേക്ക് വരാറുള്ളുവെന്നാണ് പരിചയമുള്ളവർ പറയുന്നത്.
പ്രകാശ്ബാബു തലശേരി കുയ്യാലിയിലുള്ള എംസി എൻക്ളൈവ് എന്ന ആഡംബര വില്ലകളിലൊന്നാണ് മകൾക്കും ഭർത്താവിനായി വാങ്ങിയത്. ഇവരുടെ വിവാഹസൽക്കാരവും നടന്നത് ഇവിടെ നിന്നുതന്നെയാണ്. ഗൾഫിൽ നിന്നും വിവേക് നാട്ടിലെത്തുമ്പോൾ പുഴയരികിലുള്ള എം.സി എൻക്ളൈവിലാണ് താമസിച്ചിരുന്നത്.
പുഴ നികത്തിയും കണ്ടൽക്കാടുകൾ നശിപ്പിച്ചും വില്ല നിർമ്മിക്കുന്നതിനെതിരെ ശാസ്ത്രസാഹിത്യപരിഷത്തടക്കമുള്ള സംഘടനകൾ ശബ്ദമുയർത്തിയിരുന്നു. എന്നാൽ പാർട്ടിയിൽ പിണറായി വിജയന്റെ വ്യക്തി പ്രഭാവത്തിൽ എതിർശബ്ദങ്ങൾ ഒടുങ്ങിത്തീർന്നു. മകളുടെ വിവാഹം കഴിയുന്നതിന് മുൻപേ കോടികളുടെ സ്വത്തുക്കളുള്ള മസ്‌കറ്റിലെ വൻ ബിസിനസുകാരനാണ് പ്രകാശ്ബാബു.
എ. ഐ ക്യാമറ വിവാദത്തിലുൾപ്പെട്ട പ്രസാഡിയോയ്ക്കു മുഖ്യമന്ത്രിയുടെ അടുത്ത ബന്ധുവായ പ്രകാശ്ബാബുവുമായി അടുത്ത ബന്ധമുണ്ടെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാസുരേന്ദ്രനാണ് ഇന്നലെ നടന്ന വാർത്താസമ്മേളനത്തിൽ ആരോപിച്ചത്. നേരത്തെ കണ്ണൂർ കേന്ദ്രീകരിച്ചുള്ള കറക്കു കമ്പിനിയാണ് ഇതിനു പിന്നിലെന്ന ആരോപണം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉന്നയിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പ്രകാശ്ബാബുവിന്റെ പേര് വെളിപ്പെടുത്തികൊണ്ടു ശോഭാസുരേന്ദ്രൻ രംഗത്തുവന്നത്.
പ്രസാഡിയോയ്ക്കു മുഖ്യമന്ത്രിയുടെ ബന്ധു പ്രകാശ്ബാബുവിന് ബന്ധമുണ്ടെന്നു തെളിയിക്കുന്ന രേഖകളും പിന്നാലെ പുറത്തു വന്നത് മുഖ്യനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. കമ്പനി രജിസ്ട്രാർക്കു സമർപ്പിച്ച ഫിനാഷ്യൽ റിപ്പോർട്ടിലാണ് പ്രസാഡിയോയ്ക്കു പ്രകാശ്ബാബുവുമായുള്ള ഇടപാടുകൾ വ്യക്തമാകുന്നത്. പ്രസാഡിയോയുടെ ഔദ്യോഗികസ്ഥാനങ്ങളിലൊന്നും പ്രകാശ്ബാബുവിന്റെ പേരില്ലെങ്കിലും 2020-ൽ കമ്പനിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചതുമുതൽ ഇയാളുമായി ഇടപാടുകളുണ്ടെന്നു രേഖകളിൽ വ്യക്തമാണ്. എന്നാൽ ഇക്കാര്യത്തിൽ പ്രതികരിക്കാൻ മുഖ്യമന്ത്രി തയ്യാറായിട്ടില്ല.
പ്രകാശ്ബാബു കോഴിക്കോട് പുതിയറയിലാണ് ഇപ്പോൾ താമസം. പ്രകാശ്ബാബുവിന് പങ്കാളിത്തമുള്ള കമ്പനിയാണെന്നു പറഞ്ഞാണ് ക്യാമറ പദ്ധതിയിൽ ചേരാൻ പ്രസാഡിയോ എം.ഡി രാംജിത്ത് തങ്ങളെ ക്ഷണിച്ചതെന്നു നേരത്തെകരാറിന്റെ ഭാഗമായ അൽഹിന്ദ് വ്യക്തമായിരുന്നു.

