Saturday, April 20, 2024
spot_img

കോവളത്ത് ദുരൂഹസാഹചര്യത്തിൽ ഡ്രോണ്‍ കണ്ടെത്തി; പൊലീസും ഇന്‍റലിജൻസും അന്വേഷണം തുടങ്ങി

തിരുവനന്തപുരം: രാത്രി ദുരൂഹസാഹചര്യത്തില്‍ കോവളം തീരത്ത് ഡ്രോണ്‍ പറത്തിയതായി കണ്ടെത്തിയതനെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചു.കോവളം, കൊച്ചു വേളി തീരപ്രദേശങ്ങളിലാണ് രാത്രി ഡ്രോൺ ക്യാമറ പറത്തിയത് കണ്ടെത്തിയത്. സുരക്ഷാ മേഖലകളിലാണ് ഡ്രോൺ പറത്തിയത് . പൊലീസും ഇന്‍റലിജൻസും സംയുക്തമായാണ് അന്വേഷണം.

പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ കേരളമുൾപ്പടെയുള്ള തീരമേഖലകളിൽ അതീവജാഗ്രത പുലർത്തണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കർശനനിർദേശം നൽകിയിരുന്നു. കടൽമാർഗം ഭീകരർ നുഴഞ്ഞു കയറാനുള്ള സാധ്യത കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കാനും നി‍ർദേശം നൽകി. ഈ സാഹചര്യത്തിലാണ് സംശയങ്ങളൊഴിവാക്കാൻ പഴുതടച്ച അന്വേഷണം പൊലീസും ഇന്‍റലിജൻസും ആരംഭിച്ചിരിക്കുന്നത്.

രാത്രി ഒരു മണിയോടെ ഡ്രോൺ പറക്കുന്നത് കോവളത്ത് പട്രോളിംഗ് നടത്തിയ പൊലീസുകാരുടെ ശ്രദ്ധയിലാണ് ആദ്യം പെട്ടത്. വിക്രം സാരാഭായ് സ്പേസ് റിസർച്ച് സെന്‍റർ ഉൾപ്പടെയുള്ള പ്രദേശത്താണ് അർധരാത്രി ഡ്രോൺ കണ്ടെത്തിയത് എന്നത് ദുരൂഹത വർദ്ധിപ്പിക്കുന്നു. ഈ സാഹചര്യത്തിലാണ് ഇന്‍റലിജൻസ് ഉൾപ്പടെയുള്ള ഏജൻസികളും അന്വേഷണം നടത്തുന്നത്.

പൊലീസുമായി സഹകരിച്ചാകും ഇന്‍റലിജൻസിന്‍റെ അന്വേഷണം. പ്രദേശത്ത് ഷൂട്ടിംഗ് നടത്താനാണ് ഡ്രോൺ പറത്തിയതെങ്കിൽ അത് പകൽ മാത്രമേ നടത്താറുള്ളൂ. അതല്ലാതെ പൊലീസ് അനുമതിയില്ലാതെ അർദ്ധരാത്രി ആരാണ് ഡ്രോൺ പറത്തിയതെന്നാണ് അന്വേഷിക്കുന്നത്.

Related Articles

Latest Articles