Saturday, May 18, 2024
spot_img

മുത്തങ്ങ ചെക്ക്പോസ്റ്റില്‍ ലഹരി വേട്ട; കര്‍ണാടക മദ്യവും കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍

സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങ ചെക്ക്പോസ്റ്റില്‍ കഞ്ചാവും കര്‍ണാടക മദ്യവുമായി രണ്ട് ബസ് യാത്രികരെ എക്സൈസ് സംഘം പിടികൂടി. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.ഷറഫുദ്ദീനും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് അരക്കിലോഗ്രാം കഞ്ചാവുമായി ഒറീസ സ്വദേശിയായ ജയന്ത് മൊഹന്ദി (28) യും നാല് ലിറ്റര്‍ കര്‍ണാടക വിദേശമദ്യവുമായി മുത്തങ്ങ കല്ലൂര്‍ കുഞ്ഞിരക്കടവ് വീട്ടില്‍ സി. ബാലനും (56) പിടിയിലായത്.

രാവിലെ മുത്തങ്ങയില്‍ എത്തിയ കര്‍ണാടക സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ടിൽ നിന്നായിരുന്നു ജയന്ത് മൊഹന്ദിയെ പിടികൂടിയത്. പനമരത്തിനടുത്ത കൂടോത്തുമ്മലിലുള്ള അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ചില്ലറ വില്‍പ്പന നടത്താനായിരുന്നു കഞ്ചാവ് കൊണ്ടുപോയിരുന്നതെന്ന് ഇയാള്‍ എക്‌സൈസ് ഉദ്യോഗസ്ഥരോട് പറഞ്ഞു.

പൊന്‍കുഴി-മുത്തങ്ങ കേരള ആര്‍.ടി.സി ബസില്‍ നടത്തിയ പരിശോധനയിലാണ് നാല് കുപ്പി മദ്യവുമായി കല്ലൂര്‍ സ്വദേശിയായ ബാലന്‍ അറസ്റ്റിലാവുന്നത്. ഗുണ്ടല്‍പേട്ടില്‍ നിന്നും മദ്യം വാങ്ങിയ ഇയാള്‍ ബസിലെത്തി പൊന്‍കുഴിയിലിറങ്ങിയ ശേഷം അവിടെ നിന്നും ലോക്കല്‍ ബസില്‍ കയറുകയായിരുന്നു. സംശയം തോന്നിയ നാട്ടുകാരില്‍ ചിലര്‍ എക്‌സൈസ് ചെക്‌പോസ്റ്റില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് പിടിയിലാകുന്നത്.

രണ്ട് പ്രതികളെയും നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം റിമാന്റ് ചെയ്തു. പ്രിവന്റീവ് ഓഫീസര്‍മാരായ കെ.വി വിജയകുമാര്‍, എം.ബി ഹരിദാസന്‍, എം.സി. ഷിജു, അബ്ദുള്‍ സലിം സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ടി.ഇ ചാള്‍സ് കുട്ടി, വി.സി നിഷാദ്, ടി.ജി പ്രസന്ന, അഖില, അമല്‍ തോമസ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.

Related Articles

Latest Articles