Tuesday, March 19, 2024
spot_img

ദുബായിൽ നിർമ്മാണം പൂർത്തീകരിക്കുന്ന ഹൈന്ദവ ക്ഷേത്രം നവരാത്രിക്ക് തുറക്കും; ഭക്തർക്ക് വിജയ ദശമി ദിനം മുതല്‍ പ്രവേശനം

ദുബൈ: ജബൽ അലിയിൽ നിർമ്മിക്കുന്ന ഹൈന്ദവ ക്ഷേത്രം ഒക്ടോബറിൽ ഉദ്‌ഘാടനം നിർവ്വഹിക്കും. ഇന്ത്യയുടെ തനതു വാസ്തു ശില്പ പാരമ്പര്യം പിന്തുടരുന്ന നിർമാണ രീതിയാണ് ക്ഷേത്രത്തിന്റേത്. 16 മൂർത്തികൾക്കു പ്രത്യേക കോവിലുകൾ, സാംസ്കാരിക കേന്ദ്രം, വലിയ സ്വീകരണ മുറി, ഓഡിറ്റോറിയം എന്നിങ്ങനെയുള്ള സൗകര്യങ്ങൾ അടങ്ങിയതാണ് ക്ഷേത്രം.

നാലിന് ഉദ്ഘാടനം ചെയ്യുമെങ്കിലും 5നു വിജയ ദശമി ദിനം മുതലാണ് ഭക്തർക്കു പ്രവേശനം അനുവദിച്ചിരിക്കുന്നത്. വിവിധ മതങ്ങളുടെ ആരാധനാ കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ജബൽ അലി. സിഖ് ഗുരുദ്വാരയുടെയും ക്രിസ്ത്യൻ പള്ളികളുടെയും സമീപമാണ് ക്ഷേത്രം ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടന സമ്മേളനത്തിൽ യുഎഇ ഭരണാധികാരികളും പങ്കെടുക്കും.

ജബൽ അലിയിൽ നിർമാണം പൂർത്തിയാകുന്ന ഹൈന്ദ ക്ഷേത്രത്തിന്റെ പ്രവേശന കവാടം.
ആദ്യ ഘട്ടത്തിൽ ശ്രീകോവിലുകൾ മാത്രമാണ് തുറക്കാൻ സാധ്യത. രണ്ടാം ഘട്ടത്തിൽ മാത്രമേ ക്ഷേത്രത്തിലെ മറ്റു സൗകര്യങ്ങൾ ഉപയോഗിക്കാൻ കഴിയു. മകര വിളക്കു ദിനമായ ജനുവരി 14ന് ക്ഷേത്രത്തിലെ വിജ്ഞാന മുറിയും ഓഡിറ്റോറിയവും തുറക്കും. വിവാഹം, ചോറുണ് തുടങ്ങിയ പരിപാടികൾക്ക് ഈ സ്ഥലം ഉപയോഗിക്കും.

ദിവസവും 1200 ആളുകൾക്ക് ദർശനത്തിനും പ്രാർഥനക്കുമുള്ള സൗകര്യം ക്ഷേത്രത്തിലുണ്ട്. വിശേഷ ദിവസങ്ങളിൽ ആളുകൾ കൂടുതൽ എത്തുമെന്നും ക്ഷേത്ര ഭാരവാഹികൾ കണക്കു കൂട്ടുന്നു. കോവിഡ് നിയന്ത്രണം ഉള്ളതിനാൽ hindutempledubai.com എന്ന വെബ്സൈറ്റിൽ സ്ലോട്ട് ബുക്ക് ചെയ്തു ദർശനം നടത്താം. രാവിലെ 6 മുതൽ രാത്രി 9വരെ ക്ഷേത്രം തുറന്നിരിക്കും. ഭക്തർ അവർക്ക് ലഭിക്കുന്ന സമയത്തു ദർശനത്തിനെത്താം.

ദക്ഷിണേന്ത്യയിലെ ആരാധന മൂർത്തികളെ കറുത്ത ശിലയിലാണ് നിർമിച്ചിരിക്കുന്നത്. ശിവനാണ് ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠ. ഗണപതി, കൃഷ്ണൻ, മഹാലക്ഷ്മി, ഗുരുവായൂരപ്പൻ, അയ്യപ്പൻ എന്നീ ദൈവങ്ങളുടെ പ്രതിഷ്ഠയും ക്ഷേത്രത്തിലുണ്ടാകും. ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള ഭക്തരെ ക്ഷേത്രത്തിലേക്കു പ്രതീക്ഷിക്കുന്നു.വിവിധ മതസ്ഥരെയും ക്ഷേത്രം സ്വാഗതം ചെയ്യുന്നു.

ജബൽ അലിയിൽ നിർമാണം പൂർത്തിയാകുന്ന ഹൈന്ദ ക്ഷേത്രത്തിന്റെ ചിത്ര പണികൾ നിറഞ്ഞ ഗോപുരം.
സിഖ് മതസ്ഥരുടെ വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ് സാഹിബും ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുണ്ട്. ക്ഷേത്രത്തിനുള്ളിൽ തുളിത്തറയും ഒരുക്കിയിട്ടുണ്ട്. വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചു കഴിഞ്ഞാൽ 12 പൂജാരിമാർ ചേർന്ന് പ്രാണപ്രതിഷ്ഠാപനാ പൂജ നടത്തി ചൈതന്യം കുടികൊള്ളിക്കുന്ന ചടങ്ങ് പൂർത്തിയാക്കും. ക്ഷേത്രത്തിൽ കുറഞ്ഞത് 8 പൂജാരിമാരെങ്കിലും പൂജാകാര്യങ്ങൾക്കു മുഴുവൻ സമയവുമുണ്ടാകും.

Related Articles

Latest Articles