Sunday, May 5, 2024
spot_img

അനുഗ്രഹ നിറവില്‍ ഇന്ന് മഹാനവമി; നവരാത്രി സുകൃതത്തിൽ ഭക്തർ

നവരാത്രി അനുഗ്രഹ നിറവില്‍ ഇന്ന് മഹാനവമി (Mahanavami). ഒന്‍പതു ദിനങ്ങളില്‍ ഏറ്റവും പുണ്യം നല്‍കുന്ന ദിനമായാണ് മഹാനവമിയെ കണക്കാക്കുന്നത്. നവരാത്രി നാളുകളിലെ ആദ്യ മൂന്ന് ദിവസം ദേവിയെ പാര്‍വ്വതിയായും പിന്നീടുള്ള മൂന്ന് ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്ന് ദിവസം സരസ്വതിയായും സങ്കല്‍പ്പിച്ച് പൂജകള്‍ നടത്തുന്നു. പൂജവയ്പ്പിന്റെ രണ്ടാംനാളാണ് മഹാനവമി.ഒന്‍പതു ദിവസവും പൂജയും ചടങ്ങുകളുമായി ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നവരാത്രി ആഘോഷിക്കുന്നുവെങ്കിലും കേരളത്തില്‍ അവസാനത്തെ മൂന്നു ദിവസങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കിവരുന്നത്. ദുര്‍ഗാഷ്ടമി ദിനത്തില്‍ സന്ധ്യാദീപം കൊളുത്തി വിദ്യാര്‍ഥികള്‍ പുസ്തക പൂജയും മുതിര്‍ന്നവര്‍ ആയുധപൂജയും ആരംഭിക്കുന്നു. മഹാനവമി ദിവസം കഴിഞ്ഞ് ദശമി നാളില്‍ പൂജ അവസാനിക്കുന്നതുവരെ അക്ഷരം നോക്കുകയോ ഉപകരണങ്ങള്‍ ഉപയോഗിക്കുകയോ പാടില്ലെന്നാണ് ആചാരം. ഈ ആചാരം കേരളത്തില്‍ മാത്രമേയുള്ളൂ എന്നതും ശ്രദ്ധേയമാണ്.

നവരാത്രി സുകൃതത്തിൽ ഭക്തർ

ഉള്ളിലെ അഹംഭാവം അറിവിന്റെ ദേവതയ്‌ക്കു മുന്നിൽ അടിയറവു വച്ച് മനസ്സിൽ ജ്‌ഞാന പ്രകാശം നിറയ്‌ക്കാനുള്ള പ്രാർഥനയുമായി ക്ഷേത്രങ്ങളിലും കളരികളിലും ഇന്നലെ പൂജവച്ചു. ദീപ ധൂപാദികളും പുഷ്‌പങ്ങളും കൊണ്ടു പൂജിച്ചു. അഷ്ടമി ദിവസമായ ഇന്നലെ സന്ധ്യയ്ക്കായിരുന്നു പൂജവയ്പ്. പുസ്തകങ്ങൾ പൊതിഞ്ഞ് പേരുകൾ എഴുതി ഭക്തർ രാവിലെ മുതൽ ക്ഷേത്രങ്ങളിൽ എത്തിച്ചു. തൊഴിലാളികൾ തങ്ങളുടെ പണിയായുധങ്ങളും പൂജവയ്ക്കാനായി ദേവിക്കു മുന്നിൽ സമർപ്പിച്ചു.

പണ്ടുകാലത്ത്, രാജാക്കന്മാരും സൈന്യവും ശത്രുക്കളില്‍ നിന്ന് അവരെ രക്ഷിച്ച ആയുധങ്ങളെ ആരാധിച്ചിരുന്നു. ഇന്ന് കരകൗശലത്തൊഴിലാളികള്‍, സാങ്കേതിക വിദഗ്ധര്‍, ശില്‍പികള്‍, വ്യവസായികള്‍, ഫാക്ടറി ഉടമകള്‍, മെക്കാനിക്കുകള്‍ തുടങ്ങിയവര്‍ അവരുടെ ദൈനംദിന ജീവിതത്തില്‍ ഉപജീവനമാര്‍ഗം നേടാന്‍ സഹായിക്കുന്ന വസ്തുക്കള്‍ പൂജയ്ക്ക് വയ്ക്കുന്നു. ഈ ദിവസം, വാഹനപൂജ നടത്തുന്നത് ദുരാത്മാവിനെ ഉന്മൂലനം ചെയ്യുന്നതിനും അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനും സഹായിക്കുന്നു. പൂജ നടത്തുന്നതിലൂടെ, ഭക്തര്‍ക്ക് ജീവിതത്തില്‍ അഭിവൃദ്ധിക്കായി അനുഗ്രഹം ലഭിക്കുന്നുവെന്നാണ് വിശ്വാസം.

നവരാത്രി ആഘോഷത്തിന് പിന്നിലെ ഐതിഹ്യം

തിന്‍മയ്ക്ക് മേല്‍ നന്‍മ നേടിയ വിജയമാണ് നവരാത്രി ആഘോഷം (Navarathri Festival). ഐതിഹ്യം അനുസരിച്ച് അസുര ചക്രവര്‍ത്തിയായ മഹിഷാസുരനെ വധിച്ച് ദേവി വിജയം നേടിയത് മഹാനവമിയിലാണ്. മൈസൂരിലാണ് മഹിഷാസുരന്‍ വാണതെന്നതിനാല്‍ ഈ വിജയം മൈസൂരിലെ ജനങ്ങള്‍ അത്യാഹ്ലാദപൂര്‍വ്വം കൊണ്ടാടുന്നു. മൈസൂര്‍ ദസറ ഏറെ പ്രസിദ്ധമാണ്. രാവണനെ വധിക്കാനായി ശ്രീരാമന്‍ വ്രതമെടുത്തത് മഹാനവമി ദിനത്തിലാണ് എന്നും വിശ്വാസമുണ്ട്. നവമി, ദശമി നാളുകളില്‍ ദേവീക്ഷേത്രങ്ങളില്‍ വലിയ തോതിലുള്ള പൂജകളും ആഘോഷങ്ങളും നടത്താറുണ്ട്. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി നടത്തുന്ന രഥോത്സവം ചരിത്രപ്രസിദ്ധമാണ്. വിജയദശമി ദിനത്തില്‍ ഇവിടെ കുട്ടികളെ എഴുത്തിനിരുത്തുന്നതും പുണ്യമായി കണക്കാക്കുന്നു.

രാജ്യത്തിന്റെ പല ഭാഗങ്ങളിലും ആഘോഷങ്ങള്‍ വ്യത്യസ്തമാണ്. പശ്ചിമ ബംഗാള്‍, ഒഡീഷ, അസം, ബീഹാര്‍, ഝാര്‍ഖണ്ഡ്, ത്രിപുര എന്നിവയുള്‍പ്പെടെ ഇന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ മഹാനവാമി ആത്യാഹ്ലാദപൂര്‍വ്വം ആഘോഷിക്കുന്നു. ഈ ദിവസം ആളുകള്‍ സരസ്വതിയുടെ അല്ലെങ്കില്‍ ജ്ഞാനദേവതയുടെ രൂപത്തില്‍ ദുര്‍ഗാദേവിയെ ആരാധിക്കുന്നു. വിജയദശമി നാളില്‍ ദുര്‍ഗാദേവിയുടെ ബിംബം നദിയിലോ ജലാശയത്തിലോ ഒഴുക്കുന്ന ചടങ്ങുകളും പലയിടത്തുമുണ്ട്.

Related Articles

Latest Articles