Saturday, May 25, 2024
spot_img

അറിവിന്റെ പ്രകാശം പരത്തുന്നവരെ ഓർക്കാം.. ഇന്ന് ദേശീയ അധ്യാപക ദിനം

ഇന്ന് ദേശീയ അധ്യാപക ദിനം. അധ്യാപക വിദ്യാര്‍ത്ഥി ബന്ധം ഉലച്ചിലുകളിലൂടെ കടന്നു പോകുന്ന കാലഘട്ടത്തില്‍ ആ ബന്ധം ദൃഢമാകേണ്ടതിന്റെ അവശ്യകത വിളിച്ചോതി വീണ്ടുമെത്തുകയാണ് ഒരധ്യാപക ദിനം കൂടി. അധ്യാപകനും ഇന്ത്യയുടെ രാഷ്ട്രപതിയും തത്വചിന്തകനുമായിരുന്ന ഡോ.സര്‍വ്വേപ്പിള്ളി രാധാകൃഷ്ണന്റെ പിറന്നാള്‍ ദിനമാണ് ഇന്ത്യയില്‍ ദേശീയ അധ്യാപക ദിനമായി ആചരിക്കുന്നത്.

ഡോ.എസ്.രാധാകൃഷ്ണന്‍ ഇന്ത്യയുടെ രാഷ്ട്രപതിയായപ്പോള്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാരും സുഹൃത്തുക്കളും അദ്ദേഹത്തെ സമീപിച്ചു. അവരുടെ പ്രിയപ്പെട്ട അധ്യാപകന്റെ ജന്മദിനമായ സെപ്റ്റംബര്‍ അഞ്ച് ആഘോഷിക്കാന്‍ അനുവദിക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ അദ്ദേഹമത് സ്‌നേഹപൂര്‍വ്വം നിരസിച്ചു. പക്ഷെ അവര്‍ വിട്ടില്ല. ഒടുവില്‍ തന്നെ സമീപിച്ചവരുടെ സ്‌നേഹനിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങി അദ്ദേഹം ഇങ്ങനെ പറഞ്ഞു.

‘നിങ്ങള്‍ക്ക് നിര്‍ബന്ധമാണെങ്കില്‍ സെപ്റ്റംബര്‍ അഞ്ച് എന്റെ ജന്മദിനമായി ആഘോഷിക്കുന്നതിനു പകരം മുഴുവന്‍ അധ്യാപകര്‍ക്കും വേണ്ടി ആഘോഷിക്കുക.’ അതിന് ശേഷമാണ് ഭാവിലോകത്തിന്റെ ശില്പികളായ, അറിവിന്റെ വെളിച്ചം വരും തലമുറയ്ക്ക് പകര്‍ന്നു കൊടുക്കുന്ന എല്ലാ അധ്യാപകര്‍ക്കും സ്വന്തമായി ഒരു ദിവസമുണ്ടായത്.

വിദ്യ പകര്‍ന്നു തരുന്നവര്‍ ആരോ അവര്‍ അധ്യാപകരാണ്. അധ്യാപകരെ മാതാവിനും പിതാവിനുമൊപ്പം സ്‌നേഹിക്കുകയും ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സംസ്‌കാരമാണ് നമുക്കുള്ളത്. ഭാവിലോകത്തിന്റെ ശില്പികളായ, അറിവിന്റെ വെളിച്ചം വരും തലമുറയ്ക്ക് പകര്‍ന്നു കൊടുക്കുന്ന നമ്മുടെ എല്ലാവരുടെ അധ്യാപകരെ ഈ ദിനത്തില്‍ ഓര്‍ക്കാം, ബഹുമാനിക്കാം.

വളരെ വലിയൊരു സേവനമാണ് അധ്യാപകര്‍ ചെയ്യുന്നത്. നാം എത്രത്തോളം ഉന്നതരാകുന്നുവോ അത്രത്തോളമുണ്ട് നമ്മുടെ അധ്യാപകന്റെ പരിശ്രമം. പഴയ അധ്യാപകരെ ജീവിത വഴിയില്‍ കണ്ടുമുട്ടുകയാണെങ്കില്‍ അവരെ സ്‌നേഹിക്കുക, ബഹുമാനിക്കുക. അതായിരിക്കും അവര്‍ക്ക് നല്‍കാവുന്ന ഏറ്റവും വലിയ ഗുരുദക്ഷിണ.

വിദ്യാര്‍ത്ഥികളുടെ പ്രിയ അധ്യാപകരായിരുന്ന ഡോ എ പി ജെ അബ്ദുള്‍ കലാമിനേയും കുഞ്ഞുണ്ണി മാഷേയും ഓര്‍ത്തു കൊണ്ട് ഈ അധ്യപാക ദിനം നമുക്ക് അവരുള്‍പ്പെടെയുള്ള അധ്യാപകര്‍ക്കായി സമര്‍പ്പിക്കാം.

Related Articles

Latest Articles